• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്തിൽ കോൺഗ്രസിന് അടുത്ത തിരിച്ചടി; എംഎൽഎ അശ്വിൻ കോട്വാൾ ബിജെപിയിലേക്ക്

Google Oneindia Malayalam News

ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി മറ്റൊരു എം എൽ എ കൂടി രാജിവെച്ചു. കേഥ്ബ്രഹ്മ മണ്ഡലത്തിൽ നിന്നുള്ള അശ്വിൻ കോട്വാൾ ആണ് രാജിവെച്ചത്. കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. ഉടൻ തന്നെ ഇദ്ദേഹം ബി ജെ പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.

ഗോത്ര വിഭാഗത്തിൽ നിന്നുള്ള എം എൽ എയാണ് കോട്വാൾ. സംസ്ഥാന പ്രതിപക്ഷ നേതൃത്വം സ്ഥാനം പ്രതീക്ഷിച്ച കോട്വാളിന് പദവി ലഭിക്കാത്തതിൽ അദ്ദേഹം കടുത്ത അതൃപ്തിയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് നിയമസഭാ സ്പീക്കർ നീമാബെൻ ആചാര്യക്ക് കോട്വാൾ രാജിക്കത്ത് നൽകി.

'2007 മുതൽ ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ഞാൻ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ പ്രവർത്തന ശൈലി ഞാൻ കണ്ടതാണ്. അദ്ദേഹത്തിന്റെ പ്രവർത്തന രീതി അന്നേ തന്നെ തന്നിൽ മതിപ്പുളവാക്കിയതാണ്. എന്നാൽ പ്രത്യയശാസ്ത്രം മുറുകെ പിടിച്ചതിനാലാണ് ഞാൻ കോൺഗ്രസിൽ കഴിഞ്ഞത്. എന്റെ പ്രദേശത്തെ ആദിവാസി ജനങ്ങൾക്കിടയിൽ വികസനം നടപ്പാക്കണമെങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കണമെങ്കിൽ വികസനം നടപ്പാക്കാൻ കെൽപ്പുള്ള ബി ജെ പിക്കൊപ്പം ചേരേണ്ടത് അനിവാര്യമാണെന്ന് താൻ കരുതുന്നു', അശ്വിൻ കോട്വാൾ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിധ്യത്തിലായിരിക്കും അശ്വിന്റെ പാർട്ടി പ്രവേശം.

കോട്വാളിന്റെ രാജിയോടെ നിയമസഭയിൽ കോൺഗ്രസിന്റെ അംഗ സംഖ്യ 63 ആയി കുറഞ്ഞു. ഭരണകക്ഷിയായ ബി ജെ പിക്ക് 111 എംഎൽഎമാരാണുള്ളത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചിരുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്നിരുന്നു.

ആദിവാസി നേതാവായ അശ്വിൻ കോട്വാൾ തുടർച്ചയായി 3 തവണ എംഎൽഎയായ വ്യക്തിയാണ്. അശ്വിൻ കോട്വാൾ കോൺഗ്രസ് വിടുന്നത് ഗോത്രമേഖലയിൽ പാർട്ടിക്ക് വലിയ തിരിച്ചടിക്ക് കാരണമാകും. അതേസമയം ഗോത്ര വിഭാഗങ്ങൾക്കിടയിൽ ശക്തനായ നേതാവില്ലാത്ത ബി ജെ പിയെ സംബന്ധിച്ചെടുത്തോളം അശ്വിൻ കോട്വാളിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൂടിയായ പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേലും ഏത് നിമിഷവും കോൺഗ്രസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് തന്റെ ട്വിറ്റർ ബയോയിൽ നിന്നും കോൺഗ്രസിൻറെ പേര് ഹർദീക്ക് നീക്കം ചെയ്തിരുന്നു. വാട്‌സ്ആപ്, ടെലഗ്രാം അക്കൗണ്ടുകളില്‍ നിന്നും കോണ്‍ഗ്രസിന്റെ പേര് നേരത്തേ തന്നെ ഹർദീക്ക് നീക്കം ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളുമായി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ് ഹാർദിക് പട്ടേൽ. പാർട്ടി വർക്കിംഗ് പ്രസിഡന്റായ തന്നോട് ഒരു കാര്യങ്ങളിലും നേതൃത്വം അഭിപ്രായം തേടുന്നില്ലെന്നായിരുന്നു ഹർദിക്കിന്റെ ആരോപണം. ഇതിന് പിന്നാലെ ബി ജെ പിയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രതികരണങ്ങളും ഹാർദിക് നടത്തിയിരുന്നു. ഇതോടെയാണ് ഹാർദിക് ബി ജെ പിയിലേക്ക് എന്നുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചത്. എന്നാൽ ബി ജെ പിയിലേക്ക് താൻ പോകില്ലെന്നായിരുന്നു ഹാർദിക് വിശദീകരിച്ചത്. തന്നെ പാർട്ടിയിൽ പിടിച്ച് നിർത്തേണ്ട ഉത്തരവാദിത്തം ഹൈക്കമാന്റിനാണെന്നും ഹർദീക് പട്ടേൽ പറഞ്ഞിരുന്നു. ഹർദീകും പാർട്ടി വിട്ടാൽ അത് കോൺഗ്രസിന് കനത്ത ആഘാതമായിരിക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ മികച്ച പ്രകടനത്തിന് കാരണമായത് ഹാർദീക്കിന്റെ പിന്തുണയായിരുന്നു. സൗരാഷ്ട്ര മേഖലയിൽ അടക്കം കൂടുതൽ സീറ്റുകൾ നേടാൻ ഹർദീക്കിന്റെ പിന്തുണ കോൺഗ്രസിന് സഹായകരമായിരുന്നു.

English summary
Next setback for Congress in Gujarat; MLA Ashwin Kotwal to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion