അടുത്ത ട്വിസ്റ്റ് എന്ത്? രണ്ട് തവണ ശരദ് പവാറിനെ കണ്ട് അജിത് പവാർ, എല്ലാം കേട്ട് ഒന്നും മിണ്ടാതെ ശരദ് പവാർ
മുംബൈ: 24 മണിക്കൂറിനിടെ ശരദ് പവാറുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി അജിത് പവാറും ഒപ്പമുളള നേതാക്കളും. അജിത് പവാര്‍ വിഭാഗം ബിജെപി സഖ്യത്തില്‍ ചേര്‍ന്നതോടെ എന്‍സിപിയില്‍ ഇനിയെന്ത് എന്ന ആശങ്ക നിലനില്‍ക്കേയാണ് ഈ തുടര്‍ കൂടിക്കാഴ്ചകള്‍ എന്നുളളത് പല അഭ്യൂഹങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്.
മാത്രമല്ല, ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തിലേക്ക് ശരദ് പവാര്‍ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ സഖ്യനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രമുഖ നേതാക്കളില്‍ ഒരാളാണ് ശരദ് പവാര്‍ എന്നിരിക്കെ അദ്ദേഹത്തിന്റെ അസാന്നിധ്യവും അജിത് പവാറുമായുളള കൂടിക്കാഴ്ചകളും കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

എന്‍സിപി ദേശീയ അധ്യക്ഷനായ ശരദ് പവാറിനെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറും മന്ത്രിമാരും ഞായറാഴ്ച മുംബൈയിലെ വൈ ബി ചവാന്‍ സെന്ററിലെത്തിയാണ് ആദ്യം കണ്ടത്. പ്രഫുല്‍ പട്ടേലടക്കമുളള നേതാക്കള്‍ സംഘത്തിലുണ്ടായിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരമല്ലായിരുന്നു ഈ കൂടിക്കാഴ്ച എന്നാണ് വിവരം.
അപ്രതീക്ഷിതമായി എത്തിയ അജിത് പവാറും സംഘവും എന്‍സിപി ഐക്യം ഉറപ്പാക്കണമെന്ന് ശരദ് പവാറിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ''ശരത് പവാര്‍ ഞങ്ങളുടെ ദൈവമാണ്, വഴികാട്ടിയാണ്. നന്നായി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയാണ് ഞങ്ങള്‍ പോയത്. അദ്ദേഹം ക്ഷമയോടെ ഞങ്ങളെ കേട്ടിരുന്നു. എന്നാല്‍ ഒന്നും പറഞ്ഞില്ല'', എന്‍സിപി രാജ്യസഭാ അംഗം പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
ഇന്ന് അജിത് പവാറും പ്രഫുല്‍ പട്ടേലും സുനില്‍ തട്കാരെയുമാണ് വീണ്ടും ശരദ് പവാറിനെ കാണാനെത്തിയത്. ''എന്‍സിപിയെ ഒരുമിപ്പിച്ച് നിര്‍ത്തണമെന്ന് ഞങ്ങള്‍ വീണ്ടും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം ഞങ്ങള്‍ പറഞ്ഞതെല്ലാം കേട്ടു. എന്നാല്‍ അതേക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല'', പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളെ അറിയിച്ചു.
എന്‍ഡിഎയില്‍ ചേരുന്നതിന് ശരദ് പവാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അജിത് പവാറും സംഘവും ലക്ഷ്യമിടുന്നത് എന്നാണ് സൂചന. 53 എന്‍സിപി എംഎല്‍എമാരില്‍ 40 പേരുടേയും പിന്തുണ തനിക്കാണ് എന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്. അജിത് പവാര്‍ വിഭാഗം എന്‍ഡിഎയില്‍ എത്തിയതിന് ശേഷം ആദ്യമായാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നത്. ഞായറാഴ്ചത്തെ കൂടിക്കാഴ്ചയില്‍ സുപ്രിയ സുലെയും ജയന്ത് പാട്ടീലും അടക്കമുളളവര്‍ ശരദ് പവാറിനൊപ്പമുണ്ടായിരുന്നു.
അജിത് പവാറും സംഘവും ശരദ് പവാറിനോട് ക്ഷമ ചോദിച്ചതായും പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ വഴി തേടിയതായും ജയന്ത് പാട്ടീല്‍ വ്യക്തമാക്കി. പവാര്‍ അവരെ ക്ഷമയോടെ കേട്ടു. എന്നാല്‍ അവരുടെ ആവശ്യത്തോട് പ്രതികരിച്ചില്ല എന്നും പാട്ടീല്‍ പറഞ്ഞു. ബിജെപിക്കൊപ്പം ചേരില്ലെന്ന് തന്നെയാണ് ശരദ് പവാറിന്റെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications