നിതീഷ് പ്ലാന്‍ വിശദീകരിച്ചു, മമത ബാനര്‍ജി വീണു, പ്രതിപക്ഷത്തെ നയിക്കാന്‍ പുതിയ ഐഡിയ
ദില്ലി: പ്രതിപക്ഷ ഐക്യത്തിലേക്കായി പരസ്പര ശത്രുത പാര്‍ട്ടികള്‍ മറക്കുന്നുവെന്ന് സൂചന. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്ലാന്‍ വലിയ സ്വീകാര്യത നേടുന്നുവന്നാണ് റിപ്പോര്‍ട്ട്. നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എന്താണ് തന്റെ പ്ലാന്‍ എന്ന് വിശദീകരിച്ച് കൊടുത്തതായിജെഡിയു നേതാവ് കെസി ത്യാഗി വ്യക്തമാക്കി.
മമത ഈ പ്ലാനിനോട് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മമത ബാനര്‍ജി കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിനെതിരെ മൃദു നിലപാടെടുത്തതില്‍ നിതീഷിന്റെ സ്വാധീനമുണ്ട്. ഓരോ സംസ്ഥാനത്തും അതാത് ശക്തികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് മമത നേരത്തെ പറഞ്ഞിരുന്നത്.

കോണ്‍ഗ്രസ് 200 സീറ്റില്‍ ഫോക്കസ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാറിന്റെ ഐഡിയ മമതയ്ക്ക് നന്നായി ഇഷ്ടപ്പെട്ടുവെന്നാണ് കെസി ത്യാഗി പറഞ്ഞു. ബിജെപിയെ നേരിടാന്‍ അതാത് സംസ്ഥാനങ്ങളിലെ ശക്തമായ പ്രാദേശിക പാര്‍ട്ടികള്‍ ശ്രമിക്കണം. അവരെ എല്ലാവരും പിന്തുണയ്ക്കുകയാണ് ഓരോ സംസ്ഥാനങ്ങളിലും ചെയ്യേണ്ടത്.
കോണ്‍ഗ്രസ് 200 സീറ്റുകളില്‍ ഫോക്കസ് ചെയ്യണം. ബിജെപിയുമായി നേരിട്ട് പോരാട്ടം വരുന്ന സീറ്റുകളായിരിക്കണം ഇതെന്നും മമത പറഞ്ഞിരുന്നു. 2024 തിരഞ്ഞെടുപ്പ് വരും മുമ്പ് കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്ന താല്‍പര്യം മമത ഉപേക്ഷിച്ചിരിക്കുകയാണ് ത്യാഗി വ്യക്തമാക്കി.
നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ച്ച അവര്‍ കൂടുതല്‍ പോസിറ്റീവായിരുന്നു. 200 സീറ്റുകളില്‍ കോണ്‍ഗ്രസിനെ മറ്റ് പാര്‍ട്ടികള്‍ പിന്തുണയ്ക്കണമെന്നും, അതുപോലെ ഓരോ സംസ്ഥാനത്തും ശക്തമായ പ്രാദേശിക പാര്‍ട്ടിയെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പിന്തുണയ്ക്കണമെന്നും മമത ആവശ്യപ്പെട്ടുവെന്ന് കെസി ത്യാഗി പറഞ്ഞു.
പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ അവര്‍ കൂടുതല്‍ താല്‍പര്യം കാണിച്ചുവെന്നും ത്യാഗി പറഞ്ഞു. മുമ്പ് അവരുടെ നിലപാട് വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനായിരുന്നു ശ്രമം. ഇപ്പോള്‍ നിതീഷിന്റെ ഫോര്‍മുലയോടാണ് അവര്‍ക്ക് താല്‍പര്യം. ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥി എന്ന കാഴ്ച്ചപ്പാടാണ് അവര്‍ക്കുള്ളതെന്നും ത്യാഗി പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുടെ ഒരു യോഗം പട്‌നയില്‍ ചേരണമെന്നും മമത ആവശ്യപ്പെട്ടിട്ടുണ്ട്. ബീഹാര്‍ കേന്ദ്രത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഒരു പ്രതീകമാണ്. ജയപ്രകാശ് നാരായണിന്റെ സമരം ആരംഭിച്ചത് ബീഹാറില്‍ നിന്നാണ്.
കെസിആറിനെയും, അരവിന്ദ് കെജ്രിവാളിനെയും ചേര്‍ത്ത് മൂന്നാം മുന്നണിയെന്ന മമതയുടെ സങ്കല്‍പ്പം നടക്കില്ലെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും, ആ നിലപാട് അവര്‍ മാറ്റിയെന്നും ത്യാഗി പറയുന്നു. ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥി എന്നതാണ് നിതീഷ് ഫോര്‍മുല. അത് കൂടുതല്‍ പേര്‍ അംഗീകരിച്ച് കൊണ്ടിരിക്കുകയാണെന്നും ത്യാഗി വ്യക്തമാക്കി.












Click it and Unblock the Notifications