പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാര്‍? വിവാദമായി ആര്‍ജെഡി പോസ്റ്റര്‍
ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്റെ ശത്രുക്കളെ അദ്ദേഹം അവരുമായി തന്നെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റര്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിത്രീകരിച്ച് കൊണ്ടുള്ള പോസ്റ്ററാണ് വിവാദമായിരിക്കുന്നത്.
നിതീഷ് കുമാറിന്റെ സ്വന്തം പാര്‍ട്ടിയായ ജെഡിയു അല്ല ഈ പോസ്റ്റര്‍ പുറത്തിറക്കിയത്. ബീഹാറിലെ സഖ്യകക്ഷിയായ ആര്‍ജെഡിയുടെ പോസ്റ്ററിലാണ് നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്. തനിക്ക് പ്രധാനമന്ത്രിയാവാനോ, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനോ യാതൊരു മോഹവുമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചയാളാണ് നിതീഷ്. അതുകൊണ്ടാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ നിതീഷ് മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം പ്രധാനമന്ത്രി പദത്തിലേക്ക് നിതീഷ് വരാനുള്ള ആഗ്രഹമാണ് ബീഹാര്‍ കക്ഷികള്‍ പ്രകടിപ്പിച്ചത്. എന്തായാലും വിവാദമായതിനെ തുടര്‍ന്ന് പോസ്റ്ററുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. നിതീഷ് താന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് തന്നെ ഇല്ലെന്ന നിലപാടിലാണ്. മുഖ്യമന്ത്രി പദം നിതീഷ് അടുത്ത് തന്നെ തേജസ്വിക്ക് കൈമാറും. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ പരസ്പരം ഇടഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ് മുന്നില്‍ നില്‍ക്കും.
ആര്‍ജെഡിയുടെ പട്‌ന ഓഫീസിന് സമീപത്തായിട്ടാണ് ഈ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നത്. ചിത്രത്തില്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നതായിട്ടാണ് ഉള്ളത്. ആര്‍ജെഡിയുടെ വനിതാ വിംഗിന്റെ ജനറല്‍ സെക്രട്ടറി പൂനം റായ് ആണ് ഈ പോസ്റ്റര്‍ സ്ഥാപിച്ചത്. നിമിഷ നേരം കൊണ്ട് അത് വിവാദമാവുകയും ചെയ്തു. നിതീഷ് കുമാറിന് ചുറ്റും നിരവധി പ്രതിപക്ഷ നേതാക്കള്‍ നില്‍ക്കുന്നതും പോസ്റ്ററില്‍ കാണാം.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരും പോസ്റ്ററിലുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയായി നിതീഷിനെ തിരഞ്ഞെടുത്തതായിട്ടാണ് പോസ്റ്ററില്‍ കാണിക്കുന്നത്. അതേസമയം ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിംഗിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടി ഓഫീസിന് പുറത്ത് ഇത്തരം പോസ്റ്ററുകള്‍ സ്ഥാപിക്കാനാവൂ. എന്നാല്‍ ഈ പോസ്റ്ററിന് അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് ചര്‍ച്ചയായത്. എന്നാല്‍ വിവാദം ശക്തമാകുന്നതിന് മുമ്പ് തന്നെ ഈ പോസ്റ്റര്‍ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം.












Click it and Unblock the Notifications