ഇത് ബിജെപിക്കുള്ള കുരുക്ക് തന്നെ; നവീന്റെ വേര് ജനതാ ദളില്‍... നിതീഷിന്റെ അടുത്ത സ്റ്റോപ്പ് ഒഡീഷ
ന്യൂഡല്‍ഹി: ബിജെപിക്ക് ഇനി നേരിടേണ്ടി വരിക വിശാലമായ പ്രതിപക്ഷ സഖ്യത്തെ. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൊണ്ടുപിടച്ച നീക്കമാണ് നടത്തുന്നത്. ഇതിനകം ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയ നിതീഷിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപി ആശങ്കയോടെയാണ് കാണുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് നിതീഷ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായി കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. മമതയെ കൊല്‍ക്കത്തിയെലത്തി കണ്ട അതേ ദിവസം തന്നെയാണ് ലഖ്‌നൗവിലെത്തി അഖിലേഷിനെ കണ്ടതും. വളരെ ത്വരിതഗതിയിലാണ് നിതീഷിന്റെ നീക്കം. നിതീഷിനൊപ്പം ബംഗാള്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമുണ്ടായിരുന്നു.

നിതീഷ് കുമാറിന്റെ അടുത്ത യാത്ര ഭുവനേശ്വറിലേക്കായിരിക്കും. മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ കാണും. ശേഷം ഹൈദരാബാദിലെത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും കാണും. കെസിആര്‍ ബിജെപിയുമായി ഉടക്കിലാണ്. അദ്ദേഹം നിതീഷുമായി സഹകരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ നവീന്‍ പട്‌നായികിന്റെ നിലപാടാകും നിര്‍ണായകം.
നേരത്തെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ അംഗമായിരുന്നു നവീന്‍ പട്‌നായികിന്റെ ബിജെഡി. 2008ലാണ് ഈ പാര്‍ട്ടി സഖ്യം വിട്ടത്. എങ്കിലും ബിജെപിയുമായി ഇവര്‍ ശത്രുതയിലല്ല. കോണ്‍ഗ്രസുമായും ബിജെപിയുമായും അകന്ന് നില്‍ക്കുന്നു എന്ന നിലപാടാണ് നിലവില്‍ ബിജെഡിക്കുള്ളത്. അവിടെയാണ് നിതീഷ് ഇടപെടുന്നത്. നവീന്റെ പഴയ രാഷ്ട്രീയം നിതീഷുമായി യോജിക്കുന്നതാണ്.
നേരത്തെ യുനൈറ്റഡ് ജനതാദളിന്റെ ഭാഗമയിരുന്നു നിതീഷ് കുമാറും നവീന്‍ പട്‌നായികുമെല്ലാം. ജനതാദളില്‍ നിന്ന് വിട്ട ശേഷം 1997ലാണ് ബിജെഡി രൂപീകരിച്ചത്. നവീന്‍ പട്‌നായികിന്റെ പിതാവ് ബിജു പട്‌നായിക് ആണ് പാര്‍ട്ടി സ്ഥാപിച്ചത്. അദ്ദേഹം ലോക്ദളിന്റെയും ജനതാപാര്‍ട്ടിയുടെയും നേതാവായിരുന്നു. അതുകൊണ്ടുതന്നെ നിതീഷ് കുമാറിന്റെ ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ നവീന്‍ പട്‌നായിക് തയ്യാറാകുമെന്ന വിശ്വാസത്തിലാണ് ജെഡിയു.
ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിനെ കൂടെ നിര്‍ത്താന്‍ നിതീഷ് ആലോചിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിലപാട് നിര്‍ണായകമാകും. അദ്ദേഹം ബിജെപിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നു എന്നതാണ് കഴിഞ്ഞ കാല ചരിത്രം. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഒട്ടേറെ ബില്ലുകള്‍ക്ക് നേരിട്ടും പരോക്ഷമായും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു.
പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ റോള്‍ എന്താകും എന്നതാണ് അറിയേണ്ടത്. നിതീഷ് കുമാര്‍ തന്റെ ദൗത്യം തുടങ്ങിയത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടാണ്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവരുമായി ചര്‍ച്ച നടത്തിയ അദ്ദേഹം എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.
ഏത് പാര്‍ട്ടിയുമായും സഹകരിക്കുന്നതില്‍ തനിക്ക് ഇഗോ പ്രശ്‌നമില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന സൂചനയാണിത്. ബിജെപിയെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും മമത പറയുന്നു. ഇതേ നിലപാട് തന്നെയാണ് അഖിലേഷ് യാദവിനും. നിതീഷിന്റെ എല്ലാ നീക്കങ്ങള്‍ക്കും അഖിലേഷ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്ക് പ്രധാനമന്ത്രിയാകേണ്ടെന്ന് നിതീഷ് കുമാറും പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളില്‍ വലിയ കക്ഷി കോണ്‍ഗ്രസ് തന്നെയാണ്. ലോക്‌സഭയില്‍ 40 ലധികം സീറ്റുകള്‍ കോണ്‍ഗ്രസിനുണ്ട്. ബിജെപിയുമായി പല സംസ്ഥാനങ്ങളിലും നേരിട്ട് ഏറ്റുമുട്ടുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി പ്രതിപക്ഷ സഖ്യം സാധ്യമാകില്ലെന്നാണ് എംകെ സ്റ്റാലിന്റെ നിലപാട്. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications