അദ്വാനിയെ തഴഞ്ഞ് മോദി; മോദിയെ തഴഞ്ഞ് സുഷമ?
വിദിശ: സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയുടെ പേര് പോലും പറയാതെ ഒരു തിരഞ്ഞെടുപ്പ് പ്രസംഗം. അതും പ്രതിപക്ഷ നേതാവും സീനിയര്‍ നേതാവുമായ സുഷമ സ്വരാജിന്റെ ഭാഗത്തുനിന്നും. പാര്‍ട്ടി പ്രവര്‍ത്തകര്‍ മോദി മോദി എന്ന് ജപിച്ചു നടക്കുമ്പോഴാണ് വിദിശയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തിയ പ്രസംഗത്തില്‍ സുഷമ സ്വരാജ് മോദിയുടെ പേര് പോലും പറയാതെ വിട്ടത്.
പ്രസംഗത്തില്‍ നരേന്ദ്ര മോദിയ ഒഴിവാക്കിയ സുഷമ സ്വരാജിനോടുള്ള എതിര്‍പ്പുമായി പാര്‍ട്ടി നേതാക്കള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. സുഷമ തന്റെ പ്രസംഗത്തില്‍ മോദിയുടെ പേര് പറഞ്ഞതേയില്ല. ഇത് ശരിയല്ല. മോദിയുടെ പേരിലാണ് സുഷമ ഇവിടെ മത്സരിക്കുന്നത് - ഒരു പ്രാദേശിക നേതാവ് എന്‍ ഡി ടി വിയോട് പറഞ്ഞു. രാജ്യമെങ്ങും മോദി തരംഗം അലയടിക്കുകയാണ്. സുഷമ സ്വരാജ് മോദിയുടെ പേര് പറയാതിരുന്നത് ശരിയായില്ല - മറ്റൊരാള്‍ പറഞ്ഞു.

മോദിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന പാര്‍ട്ടി നേതൃത്വത്തോട് തനിക്കുള്ള എതിര്‍പ്പ് നേരത്തെയും സുഷമ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീരാമുലു വിഷയത്തിലും ജസ്വന്ത് സിംഗ് വിവാദത്തിലും പാര്‍ട്ടിക്കെതിരായി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ സുഷമ സ്വരാജ് പോസ്റ്റുകള്‍ ഇട്ടിരുന്നു. തന്റെ എതിര്‍പ്പ് വകെവെക്കാതെയാണ് ശ്രീരാമുലുവിനെ പാര്‍ട്ടിയില്‍ എടുത്തത് എന്നായിരുന്നു സുഷമയുടെ ട്വീറ്റ്.
അദ്വാനി എന്ന മുതിര്‍ന്ന നേതാവിനെ തഴഞ്ഞാണ് മോദി ബി ജെ പിയില്‍ അപ്രമാദിത്വം നേടിയെടുക്കുന്നത് എന്ന് പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. അദ്വാനി - സുഷമ - ചൗഹാന്‍ ക്യാംപിന് മോദിയോടുള്ള പ്രതിപത്തി കുറവാണ് സുഷമയുടെ പ്രസംഗത്തിന് പിന്നില്‍ എന്ന് കരുതുന്നവരും കുറവല്ല. മോദിയുടെ പേര് പോലും പറയാതെ വിട്ട സുഷമ പ്രസംഗത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനെ പുകഴ്ത്തി സംസാരിച്ചിരുന്നു.












Click it and Unblock the Notifications