ബിജെപിയുമായി ഒരിക്കലും സഖ്യത്തിനില്ല, അജിത് പവാർ തെറ്റിദ്ധാരണ പരത്തുന്നു, തിരിച്ചടിച്ച് ശരദ് പവാർ
മുംബൈ: താൻ എൻസിപിയിൽ തന്നെയാണെന്നും തന്റെ നേതാവ് ശരദ് പവാർ തന്നെയാണെന്നുമുള്ള അജിത് പവാറിന്റെ പ്രസ്താവന തള്ളി ശരദ് പവാർ. അജിത് പവാറിന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്ന പ്രശ്നമില്ലെന്നും ശരദ് പവാർ തിരിച്ചടിച്ചു. എംഎൽഎമാരെയും അണികളെയും തെറ്റിദ്ധരിപ്പിക്കാനാണ് അജിത് പവാറിന്റെ ശ്രമമെന്നും ശരദ് പവാർ ട്വീറ്റ് ചെയ്തു.
ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമുദിക്കുന്നില്ല. കോൺഗ്രസും ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുക എന്നത് എൻസിപി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അജിത് പവാറിന്റെ പ്രസ്താവന തെറ്റാണ് . ജനങ്ങൾക്കിടയിൽ ഇത് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കും- അജിത് പവാർ ട്വീറ്റ് ചെയ്തു.

താൻ ഇപ്പോഴും എൻസിപിയിൽ തന്നെയാണെന്നും എന്നും ശരദ് പവാർ തന്നെയാണ് തന്റെ നേതാവ് എന്നുമുള്ള അജിത് പവാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിശദീകരണവുമായി ശരദ് പവാർ രംഗത്ത് എത്തിയത് . അടുത്ത 5 വർഷത്തേയ്ക്ക് മഹാരാഷ്ട്രയിൽ സ്ഥിരതയുള്ളൊരു സർക്കാർ രൂപീകരിക്കാൻ ബിജെപി -എൻസിപി സഖ്യത്തിന് സാധിക്കുമെന്നും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അജിത് പവാർ അവകാശപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിൽ കോൺഗ്രസ്-ശിവസേന- എൻസിപി ത്രികക്ഷി സർക്കാർ അധികാരത്തിൽ വരുമെന്ന് ശരദ് പവാർ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് അജിത് പവാറിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒറ്റരാത്രികൊണ്ട് മറുകണ്ടം ചാടിയ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്നാൽ അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധമില്ലെന്നും ശരദ് പവാർ വ്യക്തമാക്കി. കോൺഗ്രസിനും ശിവസേനയ്ക്കും ഒപ്പം ഉറച്ച് നിൽക്കുമെന്നാണ് ശരദ് പവാറിന്റെ നിലപാട്.
അതേസമയം ബിജെപി സഖ്യ സർക്കാരിന് എത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ദേവേന്ദ്ര ഫട്നാവിസ് ഗവർണർക്ക് കൈമാറിയ കത്തും ഗവർണർ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ കേന്ദ്രത്തിന് നൽകിയ കത്തും ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ശരദ് പവാറിനെ ബിജെപി പാളയത്തിൽ എത്തിക്കാനുള്ള ശക്തമായ ശ്രമങ്ങൾ മഹാരാഷ്ട്രയിൽ നടക്കുന്നുണ്ട്. സുസ്ഥിരമായ സർക്കാർ രൂപീകരിക്കുമെന്ന് അജിത് പവാർ അവകാശവാദം ഉന്നയിച്ചെങ്കിലും എംഎൽഎമാർ അദ്ദേഹത്തിന്റെ പക്ഷത്ത് നിന്നും മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ 3 എംഎൽഎമാർ മാത്രമാണ് അജിത് പവാറിനൊപ്പം ഉള്ളെന്നാണ് സൂചന.












Click it and Unblock the Notifications