ദില്ലി സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍!! ആക്രമണത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയ്ക്കെതിരെ പരാതി
ദില്ലി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ അറസ്റ്റില്‍. മുഹമ്മദ് ഷാരൂഖ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. തോക്കുമായി നില്‍ക്കുന്ന ഷാരൂഖിന്‍റെ ചിത്രം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പോലീസില്‍ പരാതി നല്‍കി. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ പറയുന്നു. ജാഫറാബാദ് അടക്കമുള്ള റോഡുകളില്‍ സമരം ചെയ്യുവരെ പോലീസ് ഒഴിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കപില്‍ മിശ്ര പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഒഴിപ്പിച്ചില്ലേങ്കില്‍ പോലീസ് പറയുന്നത് തങ്ങള്‍ കേള്‍ക്കില്ലെന്നായിരുന്നു മിശ്ര പറഞ്ഞത്.
വടക്ക് കിഴക്കന്‍ ദില്ലിയിലെ ജാഫറാബാദ്, മൗജ്പൂര്‍ എന്നിവിടങ്ങളിലാണ് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയത്. നിയമത്തിനതെിരെ സമരം ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ ചോദിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനിടെ അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീയിട്ടു.
സംഘാര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 105 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. എട്ട് പേരുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.