ഒഡീഷ ട്രെയിന്‍ ദുരന്തം: വീഴ്ച മറച്ച് വെയ്ക്കാൻ സിബിഐയെ ഉപയോഗിക്കുന്നുവെന്ന് മമത ബാനർജി
കൊല്‍ക്കത്ത: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ കാരണങ്ങള്‍ മറച്ച് വെയ്ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദുരന്തത്തില്‍ ഇരയാവരുടെ കുടുംബങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വീഴ്ച മറച്ച് വെയ്ക്കാന്‍ സിബിഐയെ ഉപയോഗിക്കുകയാണ് എന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.
''ഇത് പറയേണ്ടതില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ സാഹചര്യം തന്നെ ഇത് പറയാന്‍ നിര്‍ബന്ധിതയാക്കുന്നു. വളരെ വലിയൊരു അപകടമാണ് നടന്നത്. വീഴ്ചകള്‍ മറച്ച് വെക്കാനുളള ശ്രമം നടക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്. അവര്‍ക്ക് സത്യം അറിയണം'', മമത ബാനര്‍ജി പറഞ്ഞു.

''എന്തുകൊണ്ടാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. എന്തുകൊണ്ടാണ് ഇത്രയും ആളുകള്‍ മരണപ്പെട്ടത്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അപകടമാണിത്. ഇതില്‍ സിബിഐ എന്താണ് ചെയ്യാന്‍ പോകുന്നത്. ഇതൊരു ക്രിമിനല്‍ കേസായിരുന്നുവെങ്കില്‍ സിബിഐക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു. പുല്‍വാമയില്‍ സംഭവിച്ചത് എന്താണെന്നും അതേക്കുറിച്ച് അന്നത്തെ ഗവര്‍ണര്‍ പറഞ്ഞത് എന്താണെന്നും കണ്ടതല്ലേ'', മമത ചോദിച്ചു.
''ഒരു തെളിവും ബാക്കിയില്ല. സത്യം പുറത്തേക്ക് വരേണ്ടതുണ്ട്. റെയില്‍വേ അപകടത്തെ കുറിച്ചല്ല അന്വേഷണം നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നും സിബിഐയെ ബംഗാളിലേക്ക് അയച്ചിരിക്കുകയാണ്. അവര്‍ കൊല്‍ക്കത്തയിലെ 14-16 മുന്‍സിപ്പാലിറ്റികളിലെത്തി. നഗര വികസന വകുപ്പിലെത്തി. ഇനി അവര്‍ ശുചിമുറികളിലേക്ക് കൂടി കയറുമോ. ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് അത്ര വലിയൊരു അപകടത്തിന്റെ സത്യം മറച്ച് വെയ്ക്കാന്‍ സാധിക്കുമെന്ന് കരുതരുത്'' എന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
സിബിഐ ബംഗാളില്‍ വ്യാപക പരിശോധന നടത്തി വരികയാണ്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ ജോലികളിലെ ക്രമക്കേട് ആരോപണത്തിലാണ് സിബിഐ പരിശോധന. ഇത് സൂചിപ്പിച്ച് കൊണ്ടാണ് മമത ബാനര്‍ജിയുടെ പ്രതികരണം. കൊറമാണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍ ഇരയായവര്‍ക്കുളള നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമത.ജൂണ്‍ 2നുണ്ടായ അപകടത്തില്‍ 288 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.
ട്രെയിന്‍ അപകടത്തില്‍ മരിച്ചവരില്‍ ഭൂരിപക്ഷവും ബംഗാളില്‍ നിന്നുളളവരാണ്. ബംഗാളില്‍ നിന്നുളള ഏകദേശം 103 പേര്‍ മരണപ്പെട്ടതായും 50തോളം പേരെ കാണാതായതായും മമത ബാനര്‍ജി പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 172 പേര്‍ക്ക് 1 ലക്ഷം രൂപ വീതവും നിസ്സാര പരിക്കേറ്റ 635 പേര്‍ക്ക് 50000 രൂപ വീതവുമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്.












Click it and Unblock the Notifications