ഒഡീഷ ട്രെയിന്‍ അപകടം: സിബിഐ അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ ബോര്‍ഡ്
ദില്ലി: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ ബോര്‍ഡ്. റെയില്‍വേ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
'റെയില്‍വേ ട്രാക്കുകള്‍ അടക്കം പുനസ്ഥാപിക്കുന്ന പണികളും പുരോഗമിക്കുന്നുണ്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നും' കേന്ദ്ര മന്ത്രി പറഞ്ഞു. 'ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചതെന്ന്' അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അപകടത്തിന്റെ മൂല കാരണം കണ്ടെത്തുമെന്നും, അതിന് ഉത്തരവാദികളായ ക്രിമനലുകളെ കണ്ടെത്തി ശിക്ഷിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 'കൂടുതല്‍ വിവരങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്തായാലും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെ. എന്തായാലും കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മാത്രം ഇപ്പോള്‍ ഉറപ്പുനല്‍കാമെന്നും' റെയില്‍വേ മന്ത്രി പറഞ്ഞു.
അതേസമയം ട്രാക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നാണ് മന്ത്രി പറയുന്നു.വയറിംഗ് പ്രവര്‍ത്തികളിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. പരിക്കേറ്റവര്‍ മികച്ച ചികിത്സ തന്നെയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മമത ബാനര്‍ജി ദുരന്തത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 'കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി എനിക്കൊപ്പമുണ്ടായിരുന്നു. കൂട്ടിയിടി ഒഴിവാക്കാമായിരുന്ന ഉപകരണത്തെ കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പ്രതികരിച്ചില്ല. സംശയാസ്പദമായി എന്തോ നടക്കുന്നത്. സത്യം പുറത്തുവരണമെന്നും' മമത പറഞ്ഞു.
അതേസമയം ബിജെപി മമതയ്ക്ക് മറുപടിയുമായി രംഗത്ത് വന്നു. 'മമതയുടെ രാഷ്ട്രീയത്തിലെ വളര്‍ച്ച മൃതദേഹങ്ങള്‍ക്ക് മുകളിലൂടെയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സിംഗൂര്‍ മുതല്‍ 2011ലെ തിരഞ്ഞെടുപ്പ് അക്രമം വരെ നടന്നപ്പോള്‍ വൃത്തിക്കെട്ട രാഷ്ട്രീയമാണ് അവര്‍ കളിച്ചത്. മമത ആകെ വിറളി പിടിച്ചിരിക്കുകയാണ്. റെയില്‍വേ മന്ത്രി അവര്‍ പറഞ്ഞതെല്ലാം തള്ളിക്കളഞ്ഞു. അതും മാധ്യമങ്ങളുടെ മുന്നില്‍ വെച്ചായിരുന്നു'.
'ഗോധ്രയിലെ ദാരുണ സംഭവവുമായിട്ടാണ് അവരിതിനെ താരതമ്യം ചെയ്യുന്നത്. ഒരുവശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാ ശ്രദ്ധിക്കുമ്പോഴാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. അതില്‍ അത്ഭുതമില്ല. മമത ബാനര്‍ജി എപ്പോഴും ഇങ്ങനെ തന്നെയാണെന്നും' ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു.












Click it and Unblock the Notifications