ഒമൈക്രോണ്‍ ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് രോഗികളുടെ എണ്ണം 400 അടുക്കുന്നു, കേസുകള്‍ വര്‍ദ്ധിക്കുന്നു
ദില്ലി: രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ ദിവസെന ഉയരുന്നു. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം കേസുകളുടെ എണ്ണം 400ന് അടുത്തെത്തി. മഹാരാഷ്ട്രയില്‍ മാത്ര ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 100 കടന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രി കാല കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഒന്നര മുതല്‍ മൂന്ന് ദിവസമാണ് ഒമൈക്രോണ്‍ രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ എടുക്കുന്ന സമയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
സംയുക്ത കിസാന്‍ മോര്‍ച്ച തിരഞ്ഞെടുപ്പ് ഗോദയിലേക്ക്, എഎപി സഖ്യം, ഹര്‍ഭജനെ ഇറക്കാന്‍ കോണ്‍ഗ്രസ്
ഇന്ത്യയില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 358 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ കേസുകളില്‍ 183 പേരെ ആരോഗ്യവിദഗ്ദര്‍ വിശകലനം ചെയ്തിട്ടുണ്ട്. 87 പേര്‍ മുഴുവന്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും മൂന്ന് പേര്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചതാണെന്നും വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. 70% രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കാന്‍ 16 പേര്‍ അയോഗ്യരായപ്പോള്‍ രണ്ട് പേര്‍ക്ക് ഭാഗികമായി വാക്‌സിനേഷന്‍ ലഭിച്ചു, ഏഴ് പേര്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചില്ല. 73 പേരുടെ വാക്‌സിനേഷന്‍ നില ഇപ്പോഴും അജ്ഞാതമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
121 പേര്‍ക്ക് വിദേശ യാത്രാ ചരിത്രമുണ്ടെന്നും 44 കേസുകളില്‍ രോഗബാധിതര്‍ വിദേശ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നും ഭൂഷണ്‍ പറഞ്ഞു. അതേസമയം, 18 പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. ഡെല്‍റ്റയ്ക്ക് സമാനമായ വകഭേദമാണിത്. ഈ സാഹചര്യത്തില്‍ അനുയോജ്യമായ കൊവിഡ് പ്രോട്ടോക്കോള്‍ പിന്തുടരുന്നതിനും വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള അതേ തന്ത്രം നമ്മള്‍ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒമൈക്രോണ്‍ വകഭേഗദത്തിന് തീവ്രമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഇന്ത്യയില്‍, കണ്ടെത്തിയ കേസുകളില്‍ മൂന്നിലൊന്ന് നേരിയ രോഗലക്ഷണങ്ങളും ബാക്കിയുള്ളവ ലക്ഷണമില്ലാത്തവരുമായിരുന്നു. അതേസമയം, രാജ്യം വര്‍ഷാവസാനത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ആഘോഷങ്ങള്‍ നിയന്ത്രിച്ചും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും നടത്തണമെന്ന നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ കേസുകള്‍ 17 സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഡല്‍ഹി 67, തെലങ്കാന 38, തമിഴ്‌നാട് 34, കര്‍ണാടക 31, ഗുജറാത്ത് 30 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കണക്ക്.