ഒമൈക്രോണ്‍ ഭീഷണിയില്‍ രാജ്യം; ആകെ രോഗികളുടെ എണ്ണം 422 ആയി, കൂടുതല്‍ കേസുകൾ മഹാരാഷ്ട്രയില്‍
ദില്ലി: രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നു. ഏറ്റവും അവസാനമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 422 പേര്‍ക്കാണ് രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ - പുതിയ വേരിയന്റിന്റെ 108 കേസുകളുണ്ട്. സംസ്ഥാനത്ത് ഇതുവരെ നാല്‍പ്പത്തിരണ്ട് പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിലും കേസുകള്‍ ഉയരുന്നുണ്ട്. ദില്ലിയില്‍ ഇതുവരെ 79 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 23 പേര്‍ രോഗമുക്തി നേടി. ഗുജറാത്തില്‍ 43 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 10 പേര്‍ക്ക് രോഗമുക്തി നേടി. ദക്ഷിണേന്ത്യയിലേക്ക് എത്തുമ്പോള്‍ തെലങ്കാനയില്‍ പുതിയ വേരിയന്റിന്റെ 41 കേസുകളും (10 സുഖം പ്രാപിച്ച രോഗികളും) കേരളത്തിലും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും യഥാക്രമം 38 (ഒരു സുഖം പ്രാപിച്ച രോഗി), 34 കേസുകളും ഉണ്ട്. കര്‍ണാടകയില്‍ ഇതുവരെ 31 കേസുകളുണ്ട്, ഇവരില്‍ 15 പേര്‍ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
പശ്ചിമ ബംഗാളില്‍ ഇതുവരെ ആറ് കേസുകളും ഹരിയാന, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നാല് വീതം കേസുകളുമുണ്ട്. ജമ്മു കശ്മീര്‍ (3 കേസുകള്‍), ഉത്തര്‍പ്രദേശ് (2 കേസുകള്‍), ലഡാക്ക് (ഒരു കേസ്) എന്നിവയാണ് ഒമൈക്രൊണ്‍ സ്ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. നവംബര്‍ അവസാനത്തോടെയാണ് ഇന്ത്യയില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 140 ഓളം രോഗികള്‍ സുഖം പ്രാപിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നു.
അതേസമയം, ഇന്ന് രാവിലെ പുറത്തുവന്ന കണക്ക് പ്രകാരം, ഇന്ത്യയില്‍ 6,987 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു, മൊത്തം കേസുകളുടെ എണ്ണം 3,47,86,802 ആയി. പുതിയ വൈറസ് വകഭേദം പരക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മുന്നണിപോരാളികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാത്രി വൈകി നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 3 മുതല്‍ 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രഖ്യാപിച്ചു.
കേരളത്തില്‍ ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കോവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്റൈനിലായിരുന്നു. ഒക്ടോബര്‍ ഒമ്പതിനാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്നയാളെ പന്ത്രണ്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.