ഗോവയിൽ ബിജെപിയെ വീഴ്ത്താൻ സാധിക്കുക കോൺഗ്രസിന് മാത്രം; തൃണമൂലിനും ആപ്പിനും എതിരെ ചിദംബരം
ഗോവ; തീരദേശ സംസ്ഥാനമായ ഗോവയിൽ ആം ആദ്മിയുടേയും തൃണമൂൽ കോൺഗ്രസിന്റേയും വരവോടെ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇത്തവണ എന്ത് വിലകൊടുത്തും ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ഇരു പാർട്ടികളുടേയും കടന്ന് വരവ്. എന്നാൽ ഇരു പാർട്ടികൾക്കെതിരേയും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും ഗോവയുടെ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി കൂടിയായ പി ചിദംബരം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
2022 ൽ മണിപ്പൂരിൽ അധികാരം നിലനിർത്തും; അസം മാതൃക പയറ്റാനൊരുങ്ങി ബിജെപി

കോൺഗ്രസിന് മാത്രമേ ബി ജെ പിയെ നേരിടാൻ സാധിക്കുള്ളൂവെന്ന് ചിദംബരം പി ടി ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗോവയിലെ 40 നിയോജക മണ്ഡലങ്ങളിലും ആഴത്തിൽ വേരോട്ടമുള്ള ഒരേയൊരു പാർട്ടി കോൺഗ്രസ് ആണ്, ബി ജെ പിയുടെ പണത്തേയും അധികാരത്തേയും തള്ളി അവരെ പരാജയപ്പെടുത്താൻ തങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ചിദംബർ പറഞ്ഞു.

കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ പോക്കിനെ കുറിച്ചുള്ള ചോദ്യത്തിന് 99 ശതമാനം കോൺഗ്രസ് പ്രവർത്തകരും ഇപ്പോഴും പാർട്ടിക്ക് ഒപ്പമാണെന്ന് ചിദംബരം ആവർത്തിച്ചു. തോൽക്കുന്ന സ്ഥാനാർത്ഥികളെയാണ് ടി എം സി മറുകണ്ടം ചാടിക്കുന്നത്. അത്തരം മത്സരാർത്ഥികളെ തൃണമൂൽ മത്സരിപ്പിച്ചാൽ പരാജയം സുനിശ്ചിതമായിരിക്കുമെന്നും ചിദംബരം പറഞ്ഞു.

തൃണമൂലും ആം ആദ്മി പാർട്ടിയും ബി ജെ പിയുടെ ബി ടീമായി പ്രവർത്തിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറ്റ് പാർട്ടികളുടെ ലക്ഷ്യത്തെ കുറിച്ച് പ്രതികരിക്കാൻ താനില്ലെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. 2022ൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ കോൺഗ്രസ് വ്യക്തമായ വിജയം നേടും. ടി എം സിയും എ എ പിയും ബി ജെ പി വിരുദ്ധ വോട്ടുകളിലാണ് വിള്ളൽ വീഴ്ത്തുന്നത്. ഇത് ബി ജെ പിക്ക് ഗുണം ചെയ്യുമോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ചിദംബരം പറഞ്ഞു. എല്ലാ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതുണ്ടോയെന്ന് ചർച്ച ചെയ്ത ശേഷം തിരുമാനം എടുക്കാമെന്നാണ് നിലവിലെ പാർട്ടി നിലപാടെന്നും ചിദംബരം വ്യക്തമാക്കി.

2017 ന് സമാനമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എം എൽ എമാർ കൂട്ടത്തോടെ മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്ന സാഹചര്യം ഇനി ഉണ്ടാവില്ലെന്നും ചിദംബരം പറഞ്ഞു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളോടും പ്രവർത്തകരോടും സാധ്യത ഉള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഞങ്ങൾ നിർദ്ദേശിച്ചിരുന്നു. വിശ്വസ്തത, സത്യസന്ധത, കോൺഗ്രസ് പ്രവർത്തകരോടുള്ള സ്വീകാര്യത, വോട്ടർമാർക്കിടയിലെ വിജയസാധ്യത എന്നിവയുടെ അടിസ്ഥാനത്തിൽ പേരുകൾ ശുപാർശ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടിയോടും വോട്ടർമാരോടുമുള്ള വിശ്വസ്തതയാണ് പ്രഥമ മാനദണ്ഡമെന്നും ചിദംബരം പറഞ്ഞു

ഗോവ ഫോർവേഡ് പാർട്ടി ഉൾപ്പെടെ സഖ്യ താത്പര്യം അറിയിച്ച് പല പാർട്ടികളും തങ്ങളെ സമീപിച്ചിരുന്നു. സഖ്യത്തിലെത്തിയാൽ പല അവസരങ്ങളും തുറന്നേക്കാം. എന്നാൽ അതുപോലെ തന്നെ അപകട സാധ്യതകളും ഉണ്ട്. അതുകൊണ്ട് ഗോവയിൽ സഖ്യ സാധ്യതകൾ ഉണ്ടാകുമോയെന്നതുൾപ്പെടയുള്ള കാര്യങ്ങളിൽ എ ഐ സി സി നേതൃത്വമാണ് തിരുമാനം കൈക്കൊള്ളേണ്ടതെന്നും ചിദംബരം വ്യക്തമാക്കി.