'രാജ്യത്തെ രാഷ്ട്രീയ ചർച്ചകൾ ഹിന്ദു-മുസ്ലീം വിഷയങ്ങളിലേക്ക് ചുരുങ്ങി, അത് യുവാക്കൾക്ക് തൊഴിൽ നൽകില്ല'; ദിപ്‌കെ
മുംബൈ: രാജ്യത്തെ രാഷ്ട്രീയ ചർച്ചകൾ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഹിന്ദു-മുസ്ലീം വിഷയങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും, അത് തൊഴിലില്ലായ്‌മ പോലുള്ള യുവജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുന്നില്ലെന്നും ആരോപിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകനായ അഭിജീത് ദിപ്‌കെ. ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഞായറാഴ്‌ച ഛത്രപതി സംഭാജിനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്.
രാജ്യത്തിന്റെ രാഷ്ട്രീയ അജണ്ടയിൽ വിദ്യാഭ്യാസവും തൊഴിലും കൂടുതൽ പ്രാധാന്യം നേടേണ്ടതുണ്ടെന്ന് ദിപ്കെ പറഞ്ഞു. 'കഴിഞ്ഞ 10 മുതൽ 12 വർഷമായി രാജ്യത്തെ രാഷ്ട്രീയം ഹിന്ദു-മുസ്ലീം വിഷയങ്ങളിലേക്കാണ് ചുരുങ്ങിയത്. എന്നാൽ ഈ വിഷയങ്ങൾ യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലേക്കാണ് ശ്രദ്ധ മാറേണ്ടത്' അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ദീപ്കെ വീണ്ടും ആവർത്തിച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ ഓൺലൈൻ സംവിധാനങ്ങളിലെ തകരാറുകളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മന്ത്രിയുടെ ഉത്തരവാദിത്വം ചോദ്യം ചെയ്‌തത്. പരീക്ഷാ വിവാദങ്ങൾ ആവർത്തിക്കുമ്പോഴും ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
'ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരാൾ തുടർച്ചയായി പിഴവുകൾ വരുത്തിയാൽ നടപടിയെടുക്കും. എന്നാൽ സർക്കാർ നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ പലവട്ടം ചോർന്നിട്ടും ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് സംവിധാനത്തിൽ വിശ്വാസം ഉണ്ടാകുമോ?' എന്നും അദ്ദേഹം ചോദിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ സമരം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള അജണ്ട തയ്യാറാക്കുമെന്നും തൊഴിൽസൃഷ്‌ടി സംബന്ധിച്ച വിഷയങ്ങൾ ശക്തമായി ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെ വിമർശിച്ചവർക്കെതിരെയും ദീപ്കെ പ്രതികരിച്ചു.
വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തിൽ ഉണ്ടായതെന്നും, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെയും ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പാകിസ്ഥാനികൾ എന്ന് വിളിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷികളുടെ ഐടി സെൽ പ്രവർത്തകരെ മാത്രമാണോ യഥാർത്ഥ ഇന്ത്യക്കാരായി കണക്കാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിലെ യുവജന പ്രക്ഷോഭത്തെ നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യുന്നതും ദീപ്കെ തള്ളിക്കളഞ്ഞു. ഇന്ത്യയിൽ ശക്തമായ ജനാധിപത്യ സംവിധാനമുണ്ടെന്നും ജന്തർ മന്തറിലെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളാണ് സമരത്തിൽ പങ്കെടുത്തതെന്നും ഭാവിയിലും സമാധാനപരമായ രീതിയിൽ കൂടുതൽ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സിജെപി ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ദീപ്കെ വ്യക്തമാക്കി. ഇത് ജനറേഷൻ ഇസഡിന്റെ പ്രസ്ഥാനം ആണ്. പിന്തുണ നൽകാൻ ആഗ്രഹിക്കുന്നവർ പുറത്തുനിന്ന് പിന്തുണ നൽകാം. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും ഞങ്ങൾ ബന്ധപ്പെടുകയോ ചേർന്നുപ്രവർത്തിക്കുകയോ ചെയ്യില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications