പാര്‍ലമെന്റ് സമ്മേളനം; ചോദ്യശരങ്ങളുമായി പ്രതിപക്ഷം: പരിഗണിക്കുന്നത് 15 സുപ്രധാന ബില്ലുകള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ കാത്തിരിക്കുന്നത് സുപ്രധാനമായ ചോദ്യങ്ങളുടെ ഒരു നിര തന്നെയാണ്. അതില്‍ പഹല്‍ഗാം ഭീകരാക്രമണം മുതല്‍ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം വരെയുണ്ട്. ഒരു മാസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പ്രതിപക്ഷ ബഹളത്താല്‍ പ്രക്ഷുബ്ധം ആവാനാണ് സാധ്യത. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള ആദ്യത്തെ സമ്മേളനമാണിതെന്നതാണ് ഈ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണം, അതിനു ശേഷമുള്ള ഓപ്പറേഷന്‍ സിന്ദൂര്‍, വെടിനിര്‍ത്തല്‍, എയര്‍ ഇന്ത്യ വിമാനാപകടം ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം, അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം തുടങ്ങി രാജ്യത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കാനാണ് പ്രതിപക്ഷത്തിന് നീക്കം. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.

വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന അവകാശവാദങ്ങളില്‍ പ്രധാനമന്ത്രി നേരിട്ടു മറുപടി പറയണമെന്നതാണ് പ്രധാന ആവശ്യം.
രാജ്യത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ചര്‍ച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു സര്‍വകക്ഷി യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തില്‍ വ്യക്തത വരുത്തുമെന്നും കേന്ദ്രം സൂചിപ്പിച്ചു.
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നത് സംബന്ധിച്ച പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിക്കും. വീടിനു സമീപം നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയവും പാര്‍ലമെന്റില്‍ വന്നേക്കും. എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങള്‍ എംപിമാര്‍ തയാറാക്കിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നഡ്ഡ അധ്യക്ഷത വഹിച്ച സര്‍വകക്ഷി യോഗത്തില്‍ സിപിഐ നേതാക്കളും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നിരവധി വിനോദസഞ്ചാരികളുടെ ജീവന്‍ അപഹരിച്ച പഹല്‍ഗാം ആക്രമണത്തിലേക്ക് നയിച്ച ഗുരുതരമായ സുരക്ഷാ, ഇന്റലിജന്‍സ് വീഴ്ച്ചകള്‍ സിപിഐ ചൂണ്ടിക്കാട്ടി.
വര്‍ഷകാല സമ്മേളനത്തില്‍ 21 സിറ്റിങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 15 ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും. പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നതും പ്രതിപക്ഷം എടുത്തിടും. സര്‍ക്കാരിനെതിരേ യോജിച്ച നീക്കത്തിനാണ് പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുന്നത്.
ആദായനികുതി ബില്‍, മണിപ്പൂര്‍ ജിഎസ്ടി ഭേദഗതി ബില്‍, 2024-ലെ മര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഭേദഗതി ബില്‍, ജന്‍ വിശ്വാസ് ബില്‍, മൈനസ് ആന്‍ഡ് മിനറല്‍സ് ഭേദഗതി ബില്‍, നാഷണല്‍ ആന്റി ഡോപ്പിങ്ങ് ബില്‍, ദേശീയ കായിക ഭരണ ബില്‍, തീരദേശ ഷിപ്പിംഗ് ബില്‍, ഇന്ത്യന്‍ തുറമുഖ ബില്‍ എന്നിവ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications