പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍, ആകെ 143 ആയി
ന്യൂദല്‍ഹി: മോശം പെരുമാറ്റത്തിന്റെ പേരില്‍ രണ്ട് പ്രതിപക്ഷ എം പിമാരെ കൂടി ലോക്സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഈ സെഷനില്‍ ഇരുസഭകളിലുമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആകെ പ്രതിപക്ഷ എം പിമാരുടെ എണ്ണം 143 ആയി. കഴിഞ്ഞയാഴ്ചയുണ്ടായ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഇത് സംബന്ധിച്ച ബഹളങ്ങളെ തുടര്‍ന്നാണ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. ലോക്സഭയില്‍ മാത്രം 97 ലോക്സഭാ എം പിമാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചതിനെ തുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എം ആരിഫിനെയും (സി പി എം), തോമസ് ചാഴിക്കാടനെയും (കേരള കോണ്‍ഗ്രസ് എം) ആണ് സസ്‌പെന്‍ഡ് ചെയ്തത്.

രണ്ട് പേരേയും ശീതകാല സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ലോക്സഭയിലെ 142 പ്രതിപക്ഷ എം പിമാരില്‍ 68 ശതമാനത്തില്‍ അധികം പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്പെന്‍ഷന് ശേഷം രാജ്യസഭയില്‍ 100-ല്‍ താഴെ പ്രതിപക്ഷ എം പിമാരാണ് അവശേഷിക്കുന്നത്. അതിനാല്‍ ന്യൂനപക്ഷമായ രാജ്യസഭയിലും സര്‍ക്കാരിന് വെല്ലുവിളിയുണ്ടാകാനിടയില്ല.
അതായത് സഭയിലൂടെ ഏതെങ്കിലും നിയമനിര്‍മ്മാണം നടത്തുന്നത് ഈ ഘട്ടത്തില്‍ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കും. ശീതകാല സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കിയുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂര്‍ണ സമ്മേളനമാണിത്. കഴിഞ്ഞ ആഴ്ച രണ്ട് പേര്‍ പാര്‍ലമെന്റിനുള്ളില്‍ കടന്ന് കയറി കളര്‍ ഗ്യാസ് കാനിസ്റ്റര്‍ പൊട്ടിച്ചിരുന്നു.
ഈ സമയം രണ്ട് പേര്‍ പാര്‍ലമെന്റിന് പുറത്ത് നിന്നും ഇതേരീതിയില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ആകെ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബി ജെ പി എം പി നല്‍കിയ സന്ദര്‍ശക പാസ് ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനുള്ളില്‍ കയറിയത്. ഇതോടെ സുരക്ഷ വീഴ്ച സംബന്ധിച്ച് അമിത് ഷാ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ സഭയ്ക്കുള്ളില്‍ നടക്കുന്ന സുരക്ഷാ സംബന്ധിയായ ഏതെങ്കിലും സംഭവങ്ങള്‍ സെക്രട്ടേറിയറ്റിന്റെ പരിധിയിലാണെന്നും സര്‍ക്കാരിനെ ഇടപെടാന്‍ അനുവദിക്കില്ലെന്നും ആണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വാദിക്കുന്നത്. സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ സംസാരിച്ചിട്ടില്ല. എന്നാല്‍ സുരക്ഷാ വീഴ്ച വളരെ ഗുരുതരമായ സംഭവമാണെന്ന് ദൈനിക് ജാഗരണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു












Click it and Unblock the Notifications