പെൻഷൻ 9000 രൂപ ആയേക്കും? സുപ്രധാന നീക്കവുമായി ജീവനക്കാരുടെ സംഘടനകൾ
ബജറ്റിന് മുന്നോടിയായി വിവിധ വ്യവസായ മേഖലകളിലെ വിദഗ്ധരുടെ യോഗം വിളിച്ച് ചേർത്ത് ധനകാര്യ മന്ത്രാലയം. ട്രേഡ് യൂണിയനുകൾ ഉൾപ്പെടെയുള്ളവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. പലവിധ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) 1995 മായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് ട്രേഡ് യൂനിയനുകൾ ഉന്നയിച്ചതെന്നാണ് സൂചന.
നിലവിലെ 1,000 രൂപയിൽ നിന്ന് കുറഞ്ഞ പെൻഷൻ 9,000 രൂപയായി ഉയർത്തണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. ഇപിഎസ് പെൻഷൻ വർദ്ധിപ്പിക്കുന്നതിനുള്ള ആവശ്യം നേരത്തേ തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. , സാമൂഹിക സുരക്ഷാ സംഭാവനകൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകുക, പദ്ധതി തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ഇപിഎഫ്ഒ പെൻഷൻകാരുടെ പ്രതിമാസ വരുമാനം 9,000 രൂപയായി ഉയർത്തുക എന്നിവയാണ് നേതാക്കൾ സർക്കാരിനോട് ഇപ്പോൾ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിമാസം 9,000 രൂപ എന്ന മിനിമം പെൻഷൻ ഡിഎ (ക്ഷാമബത്ത) യുമായി ബന്ധിപ്പിക്കണമെന്നും യൂണിയനുകൾ നിർദ്ദേശിച്ചു.
നിലവിലുള്ള പുതിയ പെൻഷൻ പദ്ധതി ഇല്ലാതാക്കണമെന്നും, പഴയ പെൻഷൻ പദ്ധതിക്ക് പകരമാകാൻ ഭാഗികമായ ഏകീകൃത പെൻഷൻ പദ്ധതിക്ക് കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. അതിനാൽ, പഴയ പെൻഷൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെട്ടത്.
ശമ്പളക്കാരായ വ്യക്തികളുടെ വരുമാന നികുതി ഇളവുകൾക്കുള്ള പരിധി ഉയർത്തണമെന്നും ഇപിഎഫ്ഒ, ഇഎസ്ഐ സംഭാവനകളുടെ പരിധി വർദ്ധിപ്പിക്കണമെന്നും യൂണിയനുകൾ ശുപാർശ ചെയ്തു. 1,000 രൂപയിൽ നിന്ന് ഇപിഎസ് പെൻഷൻ 9,000 രൂപയായി ഉയർത്തണമെന്ന ആവശ്യം 2026-ലെ ബജറ്റിൽ ഇത് യാഥാർത്ഥ്യമായാൽ, പെൻഷൻകാർക്ക് കുറഞ്ഞ പെൻഷനിൽ 800% വർദ്ധനവ് ലഭിക്കും.

എംപ്ലോയീസ് പെൻഷൻ ഫണ്ട്
എംപ്ലോയീസ് പെൻഷൻ ഫണ്ടിലേക്ക് പ്രധാനമായും രണ്ട് വഴികളിലൂടെയാണ് പണം എത്തുന്നത്. തൊഴിലുടമയുടെ ശമ്പളത്തിന്റെ 8.33% സംഭാവനയും, കേന്ദ്ര സർക്കാരിന്റെ ബജറ്റ് പിന്തുണയിലൂടെ 15,000 രൂപ വരെ ശമ്പളത്തിന് 1.16% സംഭാവനയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഇപിഎഫ്ഒയ്ക്ക് പ്രതിവർഷം ശമ്പളത്തിന്റെ 1.16% ബജറ്റ് പിന്തുണ കൂടാതെ, ഇപിഎസ് 1995 പ്രകാരം പെൻഷൻകാർക്ക് സർക്കാർ പ്രതിമാസം 1,000 രൂപ മിനിമം പെൻഷൻ നൽകുന്നുണ്ട്.
2025 ജൂലൈയിൽ, എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്), 1995 പ്രകാരം നിലവിലുള്ള പ്രതിമാസം 1,000 രൂപയിൽ നിന്ന് മിനിമം പെൻഷൻ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിവേദനങ്ങൾ ലഭിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു.
ബജറ്റ് എന്ന്?

എല്ലാ വർഷവും ഫെബ്രുവരി 1-നാണ് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാറുള്ളത്. 2026-ൽ ഫെബ്രുവരി 1 ഞായറാഴ്ചയാണ് . അതിനാൽ ബജറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിയേക്കും.












Click it and Unblock the Notifications