ഇന്ത്യ തകർത്ത ഭീകരരുടെ ക്യാംപിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്, പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം
ദില്ലി: ഇന്ത്യയില്‍ വീണ്ടും ചാവേര്‍ ആക്രമണങ്ങള്‍ അടക്കം നടത്താന്‍ തയ്യാറെടുത്ത് കൊണ്ടിരുന്ന കൊടുംഭീകരരെ ആണ് വ്യോമസേനയിലെ പോരാളികള്‍ നേരം വെളുക്കും മുന്‍പ് വെറും ചാരമാക്കി മാറ്റിക്കളഞ്ഞത്. ബലാക്കോട്ടിലെ കുന്നിന്‍മുകളിലുളള, പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ ക്യാംപാണ് ഇന്ത്യ തകര്‍ത്ത് കളഞ്ഞത്.
സ്വിമ്മിംഗ് പൂളും വേലക്കാരും പാചകക്കാരും അടക്കമുളള സൗകര്യത്തിലാണ് ഭീകരര്‍ ഇവിടെ കഴിഞ്ഞിരുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ തകര്‍ക്കും മുന്‍പുളള ഈ ഭീകരവാദ ക്യാംപിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പാകിസ്താന്റെ കണക്ക് കൂട്ടൽ
പുല്‍വാമയ്ക്കുളള മറുപടിയായി പാക് അധിനിവേശ കശ്മീരില്‍ ആയിരിക്കും ഇന്ത്യ പ്രത്യാക്രമണം നടത്തുക എന്നായിരുന്നു പാകിസ്താന്‍ കണക്ക് കൂട്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ ഭീകരരെ പാക് ചാരസംഘടനകള്‍ ബലാക്കോട്ടിലെ പഞ്ചനക്ഷത്ര കേന്ദ്രത്തിലേക്ക് രായ്ക്ക് രാമായനം മാറ്റുകയായിരുന്നു.

നെഞ്ചിലേക്ക് ആക്രമണം
ഈ വിവരം ഇന്ത്യയ്ക്ക് രഹസ്യമായി ലഭിക്കുകയും ചെയ്തു. പാകിസ്താന്‍ മനസ്സില്‍ കണ്ടപ്പോള്‍ ഇന്ത്യന്‍ സൈന്യം അത് മാനത്ത് കണ്ടു. നേരെ അതിര്‍ത്തി കടന്ന് ചെന്ന് പാകിസ്താന്‍ നെഞ്ചത്ത് തന്നെ മിറാഷ് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ച് ഒരു കേടുപാടും കൂടാതെ തിരികെ വന്നു.

വൻ ആയുധശേഖരം
ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ തകര്‍ത്തത്. വന്‍ ആയുധ ശേഖരമാണ് ഈ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നത്. സ്‌ഫോടക വസ്തുക്കള്‍ കൂടാതെ വെടിക്കോപ്പുകളും എകെ 47 തോക്കുകളും ഗ്രനേഡുകളും അടക്കം ഇവിടെ ഉണ്ടായിരുന്നു.

ശത്രുക്കളുടെ പതാക
ഇന്ത്യന്‍ വ്യോമസേന ഈ താവളം തകര്‍ക്കുന്നതിന് മുന്‍പുളള ചില ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബാലാക്കോട്ടില്‍ നിന്നും ഉള്ളിലേക്കായിട്ടാണ് ഈ കെട്ടിടം. കെട്ടിടത്തിന്റെ പടിക്കെട്ടില്‍ ശത്രുരാജ്യങ്ങളായി കണക്കാക്കുന്ന അമേരിക്ക, ബ്രിട്ടന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ പതാകകള്‍ വരച്ച് വെച്ചിരിക്കുന്നു.

വെളുത്ത കൊടികൾ
ഈ രാജ്യങ്ങളോടുളള വൈരാഗ്യം ആളിക്കത്തിക്കുന്നത് ഉദ്ദേശിച്ചാണ് നിലത്ത് പതാകകള്‍ വരച്ചിരിക്കുന്നത്. കെട്ടിടത്തിന് മുന്നിലുളള വലിയ ഗേറ്റുകളില്‍ വെളുത്ത പതാക ഉയര്‍ത്തിയിരിക്കുന്നതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ആദ്യ ചിത്രങ്ങളില്‍ കാണാവുന്നതാണ്.

പരിശീലനം നൽകുന്ന ഹാൾ
തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്ന വലിയ ഹാള്‍ ഈ കെട്ടിടത്തിലുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ കൊടികളും ബാനറുകളും ഈ ഹാളിലുണ്ട്. മാത്രമല്ല ഭീകരവാദികളെ ഉത്തേജിപ്പിക്കുന്ന തരത്തിലുളള വാചകങ്ങള്‍ ഹാളില്‍ എഴുതി നിറച്ചിരിക്കുന്നതായും കാണാം.

ഭീകരവാദ പരിശീലന കേന്ദ്രം
ഈ ഭീകരവാദ പരിശീലന കേന്ദ്രം ജെയ്‌ഷെ മുഹമ്മദ് മാത്രമല്ല പരിശീലനത്തിന് ഉപയോഗിച്ചിരുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അടക്കമുളള മറ്റ് തീവ്രവാദ സംഘടനകളും തങ്ങളുടെ ഭീകരരെ പരിശീലിപ്പിക്കുന്നതിനും താമസിപ്പിക്കുന്നതിനും ഈ കേന്ദ്രം ഉപയോഗിച്ച് പോന്നിരുന്നു.

കൂറ്റന്‍ നീന്തല്‍ക്കുളം
ഒരേ സമയം 600ല്‍ അധികം തീവ്രവാദികളെ താമസിപ്പിക്കാന്‍ തക്ക വലിപ്പവും സൗകര്യങ്ങളും ഈ കെട്ടിടത്തിലുണ്ട്. കുനാര്‍ നദീ തീരത്താണ് ജെയ്‌ഷെ മുഹമ്മദ് ഈ തീവ്രവാദ പരിശീലന കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടത്തില്‍ കൂറ്റന്‍ നീന്തല്‍ക്കുളമുണ്ടാക്കിയിട്ടുണ്ട്.

ജിം അടക്കമുളള സൌകര്യം
അത് കൂടാതെ തീ കായുന്നതിനുളള സൗകര്യവും ജിം സൗകര്യവും അടക്കം ഈ ക്യാംപില്‍ തീവ്രവാദികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ടായിരുന്നു. ഇത്ര അധികം സന്നാഹങ്ങള്‍ ഉളള ക്യാംപാണ് ഒറ്റയടിക്ക് ഇന്ത്യയുടെ മിറാഷ് വിമാനങ്ങള്‍ തകര്‍ത്ത് കളഞ്ഞത്. ഈ ക്യാംപില്‍ ഉണ്ടായിരുന്ന 300ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാചകക്കാരും പരിചാരകരും
തീവ്രവാദികള്‍ക്ക് എല്ലാ വിധ സഹായവും നല്‍കാനായി നിരവധി പരിചാരകര്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഭക്ഷണമുണ്ടാക്കാന്‍ പ്രത്യേക പാചകക്കാരും തുണി അലക്കി നല്‍കുന്നതിന് പരിചാരകരും ഇവിടെ ഉണ്ട്. 2003-2004 വര്‍ഷത്തിലാണ് ഈ ക്യാംപ് ജെയ്‌ഷെ മുഹമ്മദ് പണി കഴിപ്പിച്ചത്.