'എമ്പുരാൻ ഒരു കമ്മ്യൂണിസ്‌റ്റ് സിനിമയല്ല, സംഘപരിവാർ സ്വയം സെൻസർ ബോർഡ് ആവുന്നു'; മുഖ്യമന്ത്രി
മധുര: സിപിഎം പാർട്ടി കോൺഗ്രസ് സമാപന വേദിയിൽ വഖഫ് ബില്ലും എമ്പുരാൻ വിവാദവും പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബിൽ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിൽ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല, വഖഫ് സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ആയുധമാണ്. മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കുന്നുവെന്നും അത് പലരും തിരിച്ചറിയുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും ക്രിസ്ത്യാനുകളും അക്രമിക്കപ്പെടുന്നു. കേരളത്തിൽ കമ്യൂണിസ്‌റ്റുകൾ അക്രമിക്കപ്പെടുന്നുവെന്നും പിണറായി പറഞ്ഞു. ചിലയിടങ്ങളിൽ ദളിതുകളും ആക്രമിക്കപ്പെടുന്നു. നാളെ ഇത് എല്ലാവരുടെ നേരെയും വരുമെന്നോർക്കണം. കേരള തീരത്ത് ഹിന്ദുവും മുസ്ലീമും മത്സ്യത്തൊഴിലാളികളുമെല്ലാം നേരിടുന്നത് ഒരേ പ്രശ്‌നം തന്നെയാണെന്നും പിണറായി വിജയൻ പറഞ്ഞു.

എന്നാൽ അതിലേക്ക് വെറുപ്പ് പടർത്തി എല്ലാവരെയും ഭിന്നിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. എല്ലായിടത്തും സംഘപരിവാർ വെറുപ്പ് പടർത്തുകയാണ്. മണിപ്പൂരടക്കം എല്ലാ വിഷയത്തിലും സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി സമാപന സമ്മേളനത്തിലെ പ്രസംഗത്തിനിടെ എടുത്തുപറഞ്ഞു.
ഇതിന് പിന്നാലെയാണ് എമ്പുരാൻ വിവാദവും അദ്ദേഹം പരാമർശിച്ചത്. എമ്പുരാൻ കമ്മ്യൂണിസ്‌റ്റ് സിനിമയല്ല, ഒരു കൊമേഴ്ഷ്യൽ സിനിമയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നിട്ടും ചിലർ അതിലെ ചില സീനുകൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെടുകയാണ്. സംഘപരിവാർ സ്വയം സെൻസർ ബോർഡാവുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
എമ്പുരാൻ സെൻസർ ബോർഡ് അംഗീകരിച്ച ഒരു സിനിമയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ഒരു വ്യവസായമാണ്. ആയിരക്കണക്കിനാളുകൾ അതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. അതിന്റെ ചിറകുകൾ അരിഞ്ഞാൽ ആ തൊഴിലാളികളെ വേദനിപ്പിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.
രാജ്യം നിലവിൽ നേരിടുന്ന പ്രതിസന്ധികളെ ആഴത്തിൽ വിലയിരുത്താനും പുതിയ ദിശാബോധം സമ്മാനിക്കാനും പാർടി കോൺഗ്രസിനു സാധിച്ചുവെന്ന് നേരത്തെ പിണറായി പറഞ്ഞിരുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ചേർത്തു നിർത്തി സമത്വത്തിനും സാമൂഹ്യനീതിക്കുമായി സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് പാർട്ടി കോൺഗ്രസ് കരുത്തു പകരുമെന്നാണ് പിണറായി ഫേസ്‌ബുക്കിൽ കുറിച്ചത്.
അതേസമയം, ഇരുപതിനാലാമത് പാർട്ടി കോൺഗ്രസിൽ നിർണായക മാറ്റങ്ങളാണ് സിപിഎം വരുത്തിയിരിക്കുന്നത്. മുതിർന്ന നേതാവ് എംഎ ബേബിയാണ് ജനറൽ സെക്രട്ടറി. പിബിയിലേക്കുള്ള അംഗസംഖ്യ 18 ആക്കി. ഇതിൽ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മാണിക് സർക്കാർ തുടങ്ങിയ നേതാക്കൾ പടിയിറങ്ങി. പിണറായി മാത്രമാണ് പിബിയിൽ ഇളവ് നൽകിയിരിക്കുന്നത്.












Click it and Unblock the Notifications