ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടന്‍ അയോഗ്യരാക്കരുത്; സുപ്രീം കോടതിയില്‍ ഹര്‍ജി
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നതിനെതിരെ സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കരുതെന്ന് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അഭാ മുരളീധരനാണ് ഹര്‍ജിക്കാരി. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ഹീനമായ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടതെന്നും മേല്‍ക്കോടതിയില്‍ അപ്പീൽ അടക്കം നിലനിൽക്കുമ്പോൾ അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടക്കുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. കോടതി വിധികള്‍ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി കോടതിയില്‍ എത്തുന്നത്. മോദി പരാമര്‍ശത്തെ തുടര്‍ന്നാണ് ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ കഠിന തടവ് വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ അയോഗ്യനായത്.
ഇക്കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അയോഗ്യത സംബന്ധിച്ച് ഉത്തരവ് ഇറക്കുമ്പോള്‍ ശിക്ഷ ലഭിച്ച കേസന്റെ സ്വഭാവം കണക്കിലെടുക്കണമെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 8 ( 3 ) വകുപ്പ് രാഷ്ട്രീയ എതിരാളിള്‍ക്കെതിരെ സര്‍ക്കാര്‍ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications