ഒരു വര്‍ഷം പിന്നിട്ട് വാക്‌സിനേഷന്‍, മഹാമാരിക്കെതിരെ ഇന്ത്യക്ക് കരുത്ത് പകര്‍ന്നെന്ന് പ്രധാനമന്ത്രി
ദില്ലി: ഇന്ത്യയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്‌സിനേഷന്‍ ഡ്രൈവ് ഒരു വര്‍ഷം പിന്നിട്ട വേളയില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് കരുത്ത് പകര്‍ന്നത് വാക്‌സിനേഷനാണെന്ന് മോദി പറഞ്ഞു. ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനും, പലരെയും കൊവിഡില്‍ നിന്ന് സംരക്ഷിക്കാനും വാക്‌സിനേഷന് സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരി നമ്മുടെ രാജ്യത്ത് തരംഗമായി ആഞ്ഞടിച്ചപ്പോള്‍, നമുക്കാര്‍ക്കും അതിനെ കുറിച്ച് കാര്യമായിട്ടൊന്നും അറിയുമായിരുന്നില്ല. എന്നാല്‍ ഈ പോരാട്ടത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞരും ഗവേഷകരും ചേര്‍ന്നതോടെ വാക്‌സിന്‍ നമ്മള്‍ വികസിപ്പിച്ചെടുത്തെന്നും മോദി പറഞ്ഞു.

കൊവിഡ് മഹാമാരിക്കെതിരെ വാക്‌സിനിലൂടെ പോരാട്ടം നടത്തുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി പറയുന്നു. വാക്‌സിനേഷന്‍ ഡ്രൈവുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും എന്റെ അഭിവാദ്യങ്ങള്‍. ഈ പോരാട്ടത്തില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും റോള്‍ വലുതായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലുെ വിദൂര പ്രദേശത്തുള്ളവര്‍ക്ക് പോലും വാക്‌സിന്‍ എടുക്കുന്നത് കാണുമ്പോള്‍, നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ അത്തരം മേഖലകളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് നമ്മുടെ മനസ്സ് സന്തോഷത്താലും അഭിമാനത്താലും നിറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം എപ്പോഴും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എല്ലാ പൗരന്മാര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ ഇന്നാണ് കൊവിഡ് വാക്‌സിനേഷന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇതുവരെ 156.76 കോടി ഡോസുകളാണ് നല്‍കിയിട്ടുള്ളത്. പതിനെട്ട് വയസ്സ് മുകളിലുള്ളത് 92 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. അതേസമയം രണ്ടാം ഡോസ് 68 ശതമാനത്തിനും ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ വാക്‌സിനേഷന്‍ ഡ്രൈവിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കുള്ളതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജനങ്ങളും സര്‍ക്കാരും ചേര്‍ന്നാല്‍ ഒരിക്കലും മറികടക്കാന്‍ സാധിക്കാത്ത വെല്ലുവിളികളെ നേരിടാന്‍ സാധിക്കുമെന്ന് നമ്മള്‍ ലോകത്തിന് കാണിച്ച് കൊടുത്തെന്ന് അമിത് ഷാ പഞ്ഞു. ശാസ്ത്രജ്ഞരും, ആരോഗ്യ പ്രവര്‍ത്തകരും, കൊവിഡ് മുന്നണി പോരാളികളും ഈയൊരു നേട്ടത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. പ്രധാനമന്ത്രി ഇതിന് നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവിനൊപ്പം നിന്നുവെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications