"ശക്തമായി തിരിച്ചുവരൂ" വിനേഷിനോട് നരേന്ദ്ര മോദി: ഇന്ത്യ ഒളിംപിക്സ് ബഹിഷ്കരിക്കണമെന്ന് എംപിമാർ
ഡല്‍ഹി:അമിത ഭാരത്തെ തുടർന്ന് പാരീസ് ഒളിപിംക്സ് ഗുസ്തി മത്സത്തിന്റെ ഫൈനലില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരത്തിന്റെ ഭാരം ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ 50.100 ഗ്രാം ആയിരുന്നു. ഇതോടെയാണ് മെഡല്‍ ഉറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
താരത്തോടെ പ്രതീക്ഷ കൈവിടാതെ ശക്തമായി തന്നെ തിരിച്ച് വരൂ എന്നാണ് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. "വിനേഷ്, നീ ചാമ്പ്യൻമാരിൽ ഒരു ചാമ്പ്യനാണ്! നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ ഈ തിരിച്ചടി വേദനിപ്പിക്കുന്നു. ഞാൻ അനുഭവിക്കുന്ന നിരാശയുടെ ബോധം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതേ സമയം, നിങ്ങൾക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് എനിക്കറിയാം. ചെറുത്തുനിൽപ്പിനെ പ്രതിനിധീകരിക്കുക, വെല്ലുവിളികൾ നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്." പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

ഇന്ത്യയ്ക്കും വിനേഷ് ഫോഗട്ടിനുമുള്ള സാധ്യതകളെക്കുറിച്ച് വെറ്ററൻ അത്‌ലറ്റും ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡൻ്റുമായ പി ടി ഉഷയുമായി പ്രധാനമന്ത്രി സംസാരിച്ചതായും വൃത്തങ്ങൾ അറിയിച്ചു. എല്ലാ സാധ്യതകളും തേടാന്‍ ഐഒഎ മേധാവിയോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയതിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ അവരോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയതില്‍ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വരുന്നത്. ഇന്ത്യ ഒളിംപിക്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് എ എ പി നേതാവും എംപിയുമായ സഞ്ജയ് സിംഗ് രംഗത്ത് വന്നു. അയോഗ്യത രാജ്യത്തോടുള്ള അവഹേളനമാണെന്നും സർക്കാർ ഇടപെടൽ വേണമെന്നും സിംഗ് പറഞ്ഞു.
'ബാഡ് ഡ്രീം' എന്നായിരുന്നു വ്യവസായി ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. "ഇല്ല! ഇല്ല! ഇല്ല! ദയവായി ഇതൊരു മോശം സ്വപ്നമാക്കി മാറ്റൂ, അതിൽ നിന്ന് ഞാൻ ഉണരും, അത് സത്യമല്ലെന്ന് കണ്ടെത്തുക," അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു. അതിനിടെ വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കിയതില്‍ ചില ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയെന്ന സംശയം ഉന്നയിച്ചുകൊണ്ട് ടി എം സി നേതാവായ കുനാല്‍ ഘോഷ് രംഗത്ത് വന്നു.
വിനേഷിനെ അയോഗ്യയാക്കിയതോടെ പാരീസ് ഒളിമ്പിക്‌സിൽ ഈ വിഭാഗത്തിൽ സ്വർണ മെഡലും വെങ്കലവും മാത്രമാവും ഉണ്ടാവുക. ലോക ഒന്നാം നമ്പർ താരമായ യുയി സുസാക്കിയെ അട്ടിമറിച്ചാണ് വിനേഷ് തന്റെ ഒളിമ്പിക്‌സ് ജൈത്രയാത്ര തുടങ്ങിയത്. നേരത്തെ വിനേഷ് വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്.












Click it and Unblock the Notifications