ഇതല്ല പഞ്ചാബ്, ജനാധിപത്യത്തിനെതിരാണ്, മോദിയുടെ സുരക്ഷാ വീഴ്ച്ചയില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കിടെയുണ്ടായ സുരക്ഷാ പാളിച്ചയില്‍ വലിയ രാഷ്ട്രീയ പോര് നടക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് സര്‍ക്കാരിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ പ്രതിഷേധം ഈ സംഭവത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സുനില്‍ ജക്കറാണ് ഈ സംഭവം ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പറഞ്ഞിരിക്കുന്നത്. ഇന്ന് സംഭവിച്ച കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. പ്രധാനമന്ത്രിക്ക് സുരക്ഷിതമായ വഴിയൊരുക്കേണ്ടതായിരുന്നു. ഫിറോസ്പൂരിലെ റാലിയില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ അനുവാദം കൊടുക്കണമായിരുന്നു. ജനാധിപത്യം അത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സുനില്‍ ജക്കര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയാണ് ജക്കര്‍. അദ്ദേഹത്തിന്റെ വിമര്‍ശനം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച അംഗീകരിക്കാനാവാത്തതാണെന്ന് അമിത് ഷാ പറഞ്ഞു. ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. കോണ്‍ഗ്രസാണ് ഇത് സംഭവിക്കാന്‍ ഇടയാക്കിയതെന്ന് ഷാ ആരോപിച്ചു. പാര്‍ട്ടിയില്‍ വിഷയത്തില്‍ ക്ഷമ ചോദിക്കുമെന്നാണ് കരുതുന്നതെന്നും അമിത് ഷാ പറഞ്ഞു. പഞ്ചാബില്‍ സംഭവിച്ചത് കോണ്‍ഗ്രസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ട്രെയിലറാണെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു.
ജനങ്ങള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനെ തിരസ്‌കരിക്കുന്നത് അവരെ ഇത്തരമൊരു ആസൂത്രിതമായ അക്രമങ്ങളുടെ പാതയിലേക്കാണ് നയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ മാപ്പുപറയാന്‍ തയ്യാറാകണം. രാജ്യത്തെ ജനങ്ങളോടാണ് അത് വേണ്ടത്. അവര്‍ ചെയ്ത കാര്യം അത്രയും ഗൗരവപ്പെട്ടതാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു.. കര്‍ഷകര്‍ നടത്തിയത് സമാധാനപരമായ സമരമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അത് അങ്ങനെ തന്നെയാണ്. അവരെ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ ഞാന്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കേണ്ട. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ അവരോട് സംസാരിച്ചത്. അവര്‍ പ്രതിഷേധം അവസാനിപ്പിച്ചതാണ്. അതിന് ശേഷമാണ് ഫിറോസ്പൂരിലേക്ക് ആളുകള്‍ പ്രതിഷേധവുമായി എത്തിയതെന്നും ചരണ്‍ജിത്ത് ചന്നി പറഞ്ഞു.
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. തന്റെ വകുപ്പിലെ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ സ്വീകരിക്കാനായി പോയി. എന്നാല്‍ ആ ഡ്യൂട്ടി മറ്റൊരാള്‍ക്ക് നല്‍കിയിട്ടുണ്ട്. ധനകാര്യ മന്ത്രി മന്‍പ്രീത് ബാദലും ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സ്വീകരിക്കാനായി പോയിരുന്നുവെന്നും ചന്നി പറഞ്ഞു. ഈ വിഷയം രാഷ്ട്രീയവത്കരിക്കരുത്. പ്രധാനമന്ത്രി മടങ്ങിപോയതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രധാനമന്ത്രിയെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. സുരക്ഷാ വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും ചന്നി വ്യക്തമാക്കി.












Click it and Unblock the Notifications