'അവസാന പന്തിൽ സിക്സ് അടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം,അവർക്ക് പരസ്പരം വിശ്വാസമില്ല; പ്രധാനമന്ത്രി
ഡൽഹി: മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ ചർച്ച നടക്കാനിരിക്കെ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസാന പന്തിൽ സിക്സ് അടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾക്ക് പരസ്പരം വിശ്വാസമില്ലെന്നും മോദി കുറ്റപ്പെടുത്തി. ബി ജെ പി പാർലമെന്ററി യോഗത്തിലാണ് മോദിയുടെ പരാമർശം.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പായുള്ള സെമിഫൈനലാണ് രാജ്യസഭയിലെ വോട്ടിങ് എന്ന് ചിലയാളുകള്‍ പറഞ്ഞിരുന്നു.സെമി പോരാട്ടത്തിന്റെ ഫലം വന്നിരിക്കുന്നു. വിജയത്തിൽ തന്നെ അഭിനന്ദിച്ചവർക്ക് നന്ദി', മോദി പറഞ്ഞു. ഡൽഹി ബിൽ രാജ്യസഭയിൽ പാസായത് സംബന്ധിച്ചായിരുന്നു മോദിയുടെ പ്രതികരണം.
'അവിശ്വാസ പ്രമേയം അവസാന ബോളിൽ സിക്സ് അടിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണ്. യഥാർത്ഥത്തിൽ അവർ തമ്മിൽ പരസ്പര വിശ്വാസം ഉണ്ടോയെന്ന് ഉറപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം കൂടിയാണത്. 2018ൽ തന്നെ ഞങ്ങൾ അവിശ്വാസ പ്രമേയത്തിൽ വിജയിച്ചതാണ്. വോട്ടെടുപ്പോട് കൂടി ആർക്കാണ് ഐക്യമുള്ളതെന്നും ആർക്കൊക്കെ ഐക്യമില്ലെന്നുമുള്ളത് സംബന്ധിച്ച് വ്യക്തത വരും', പ്രധാനമന്ത്രി പറഞ്ഞു.
'ചിലർ വളരെ അധികം അഹങ്കാരികളാണ്. അവർ അവസരവാദ രാഷ്ട്രീയമാണ് കാണിക്കുന്നത്. അഴിമതിയേയും കുടുംബ രാഷ്ട്രീയത്തേയുമാണ് പ്രതിപക്ഷ പ്രോത്സാഹിപ്പിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം ഇതൊന്നുമില്ല ഇന്ത്യയാണ്. അവിശ്വാസ പ്രമേയം ഞങ്ങൾക്കൊരു അവസരമാണ്. അവസാന പന്തിൽ ഞങ്ങൾ തന്നെ സിക്സ് അടിക്കും', പ്രധാനമന്ത്രി പറഞ്ഞു. നേരത്തേയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കെതിരെ കടുത്ത പരിഹാസങ്ങൾ മോദി ഉയർത്തിയിരുന്നു. ത്രയും ലക്ഷ്യബോധമില്ലാത്തൊരു പ്രതിപക്ഷ സഖ്യത്തെ താൻ കണ്ടിട്ടില്ലെന്നായിരുന്നു മോദി പറഞ്ഞത്.
'ഇന്ത്യ എന്ന പേര് ഉപയോഗിച്ചത് കൊണ്ട് കാര്യമില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലുമെല്ലാം ഇന്ത്യയുണ്ട്. പ്രതിപക്ഷം ചിതറിക്കിടക്കുകയാണ്. അവർ വലിയ ആശങ്കയിലാണ്. പ്രതീക്ഷയറ്റ അവർക്ക് മോദിയെ ഏത് വിധത്തിലും എതിർക്കണമെന്ന ചിന്ത മാത്രമാണ് ഉള്ളത്. ഇതുപോലെ ലക്ഷ്യബോധമില്ലാത്തൊരു പ്രതിപക്ഷത്തെ താൻ കണ്ടിട്ടില്ല. അവരുടെ പ്രവൃത്തിയിൽ നിന്ന് മനസിലാകുന്നത് അവർ പ്രതിപക്ഷത്ത് തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് ', എന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്.
അതേസമയം അവിശ്വാസ പ്രമേയ ചർച്ചയിൽ ഇന്ന് ലോക്സഭ പ്രക്ഷുബ്ദമായേക്കും. പ്രമേയത്തിൽ മണിക്കൂറോളമാണ് ചർച്ച നടക്കുക. ആറുമണിക്കൂർ 41 മിനിറ്റാണ് ബിജെപിക്ക് സംസാരിക്കാൻ ലഭിക്കുക. കോൺഗ്രസിൽ രാഹുൽ ഗാന്ധി, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരാണ് സംസാരിക്കുക.












Click it and Unblock the Notifications