രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ടിഐക്ക് കീഴില്‍:എജി
ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരേണ്ടതാണെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി. രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.
പാര്‍ലമെന്റ് സ്ഥിരം സമിതിക്ക് മുന്നിലാണ് അറ്റോര്‍ണി ജനറല്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കേണ്ടതാണ് എന്നാണ് വഹന്‍വതി വ്യക്തമാക്കിയത്. വിവരാവകാശ നിയത്തിന് കീഴില്‍ വന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യങ്ങള്‍ പുറത്താകുമെന്നും നാണക്കേടുണ്ടാകുമെന്നും ഉള്ള വാദങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു എജിയുടെ നിലപാട്.

2013 ജൂണ്‍ 3 നാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്ത് വന്നത്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം, സിപിഐ എന്‍സിപി, ബിഎസ്പി എന്നീ ദേശീയ പാര്‍ട്ടികള്‍ വിവരാവകാശത്തിന് കീഴില്‍ വരും എന്നായിരുന്നു കമ്മീഷന്‍ വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായങ്ങള്‍ നേടിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു സംവിധാനത്തിന് കീഴില്‍ വരും എന്നുമായിരുന്നു കമ്മീഷന്റെ നിരീക്ഷണം.
അറ്റോര്‍ണി ജനറല്‍ കൂടി ബില്ലിന് എതിരായി രംഗത്ത് വന്നതോടെ കുടുങ്ങിയത് കോണ്‍ഗ്രസ് ആണ്. ബില്ലിനെതിരെ ബിജെപി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സിപിഎം ഇക്കാര്യത്തില്‍ പ്രത്യേക നിലപാടും എടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ബില്ലിനെതിരെ നിലപാടെടുക്കാനാണ് സാധ്യത. നേരത്തെ, കുറ്റക്കാരായ എംപിമാരെ അയോഗ്യരാക്കുന്നതിനെ എതിര്‍ക്കുന്ന ഓര്‍ഡിനന്‍സ് കീറിക്കളയണം എന്ന് ആവശ്യപ്പെട്ട ആളാണ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പാലിക്കണം എന്ന പക്ഷക്കാരനാണ് കേന്ദ്ര മന്ത്രിയായ ശശി തരൂരും. ഇദ്ദേഹവും ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications