സഭയിൽ മാപ്പ് പറഞ്ഞ് ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂർ, സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം!
ദില്ലി: ഗോഡ്‌സെ അനുകൂല പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. തന്റെ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റുകയായിരുന്നു. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിച്ചത് വേദനിപ്പിച്ചുവെന്നും പ്രഗ്യ പറഞ്ഞു. ലോക്‌സഭയിലാണ് പ്രഗ്യയുടെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെ രാജ്യസ്‌നേഹി ആണെന്ന പ്രസ്താവന പ്രഗ്യ ലോക്‌സഭയില്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് പ്രഗ്യയ്ക്ക് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന് വന്നു. ബിജെപിയും തളളിപ്പറഞ്ഞതോടെയാണ് പ്രഗ്യ മാപ്പ് പറഞ്ഞിരിക്കുന്നത്.

അതേസമയം പ്രഗ്യയുടെ മാപ്പ് അംഗീകരിക്കില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന്. പ്രഗ്യയ്ക്ക് എതിരെയും ഗോഡ്‌സെയ്ക്ക് എതിരെയും പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം മുഴക്കി. മഹാത്മാ ഗാന്ധിക്ക് അനുകൂലമായും എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. പ്രഗ്യയെ സസ്‌പെന്‍ഡ് ചെയ്യണം എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം താന്‍ മഹാത്മാ ഗാന്ധി രാജ്യത്തിന് നല്‍കിയ സംഭാവനകളെ ബഹുമാനിക്കുന്നുണ്ടെന്ന് പ്രഗ്യ സഭയില്‍ പറഞ്ഞു. തന്റെ പ്രതിഛായ തകര്‍ക്കുന്നതിനായുളള ഗൂഢാലോചന നടക്കുന്നുണ്ട്. സഭയിലെ ഒരു അംഗം തന്നെ തീവ്രവാദിയെന്ന് വിളിച്ചെന്നും അത് ശരിയല്ലെന്നും തന്നെ ഒരു കോടതിയും കുറ്റക്കാരിയെന്ന് കണ്ടെത്തിയിട്ടില്ലെന്നും പ്രഗ്യ പറഞ്ഞു. തീവ്രവാദിയായ പ്രഗ്യ ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications