പ്രശാന്ത് പറഞ്ഞതാണ് ശരി, തോറ്റാലും ബിജെപി മുന്നിലുണ്ടാവുമെന്ന് സഞ്ജയ് ജാ, മറുപടിയുമായി കോണ്‍ഗ്രസ്
ദില്ലി: ബിജെപിയെ തനിയെ വോട്ടര്‍മാര്‍ പുറത്താക്കുമെന്നത് രാഹുല്‍ ഗാന്ധിയുടെ തെറ്റായ ധാരണയാണെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇത് ദേശീയ രാഷ്ട്രീയ പ്രകമ്പനങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. പ്രശാന്തിനെ പിന്തുണച്ച് കോണ്‍ഗ്രസ് വിമതന്‍ സഞ്ജയ് ജാ രംഗത്തെത്തി. പ്രശാന്ത് കിഷോര്‍ പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്. വോട്ടുശതമാനത്തില്‍ ബിജെപി നേടിയ വളര്‍ച്ചാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 2009ല്‍ 18 ശതമാനം സീറ്റ് ബിജെപി നേടിയിരുന്നു. എന്നിട്ടും 116 സീറ്റുകളാണ് അവര്‍ നേടിയത്. ഇന്നത് 37 ശതമാനം വോട്ടായി വളര്‍ന്നിരിക്കുകയാണ്. 2024ല്‍ അവര്‍ തോറ്റാലും നിരവധി സീറ്റുകളില്‍ അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും സഞ്ജയ് ജാ പറഞ്ഞു.

അതേസമയം കഴിഞ്ഞ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയെയും കൂടി ഉന്നമിട്ടായിരുന്നു പ്രശാന്തിന്റെ മറുപടി. ബിജെപി ദശാബ്ദങ്ങളോളം എവിടെയും പോകാന്‍ പോകുന്നില്ല. രാഹുല്‍ കരുതുന്നത് ബിജെപി സര്‍ക്കാരിനെ ജനങ്ങള്‍ തന്നെ പുറത്താക്കുമെന്നാണ്. പക്ഷേ ബിജെപി തോറ്റാലും ജയിലാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി തുടരും. കോണ്‍ഗ്രസ് സ്വാതന്ത്ര്യം ലഭിച്ചുള്ള നാല്‍പ്പത് വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഭരിച്ചത് പോലെയായിരിക്കും അത്. 30 ശതമാനം വോട്ട് നിങ്ങള്‍ ദേശീയ തലത്തില്‍ നേടിയാല്‍ പാര്‍ട്ടി ഒന്നാകെ പെട്ടെന്ന് ഇല്ലാതായി പോകില്ല. അതുകൊണ്ട് ജനങ്ങള്‍ രോഷത്തിലാണെന്നും, മോദിയുടെ ഭരണത്തെ എടുത്തെറിയുമെന്നുമൊക്കെ തെറ്റിദ്ധരിക്കരുതെന്നും കിഷോര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ബിജെപിയുടെ കരുത്ത് എന്താണെന്നോ അതിനനുസരിച്ച് പോരാടാനോ തയ്യാറാവുന്നില്ല. രാഹുല്‍ കരുതുന്നത് ജനങ്ങള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നാണെന്നും കിഷോര്‍ പറഞ്ഞു. മോദിയുടെ ശക്തി മനസ്സിലാക്കി അതിനനുസരിച്ചാണ് എല്ലാവരും തന്ത്രങ്ങള്‍ ഒരുക്കേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു. ഇതിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് യാതൊരു പ്രത്യയശാസ്ത്രവുമില്ല. മറ്റുള്ളവരെ ഉപദേശിക്കുന്ന നേരം കൊണ്ട് അദ്ദേഹത്തിന്റെ നയമെന്താണെന്ന് ആദ്യം പ്രശാന്ത് തീരുമാനിക്കട്ടെയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
കണ്‍സള്‍ട്ടന്റുമാര്‍ സ്വയം പ്രധാനപ്പെട്ടവരാണെന്ന് കരുതുന്നു. അതേപോലെ ഞാനും നിങ്ങളുമെല്ലാം ഇവര്‍ പ്രധാനപ്പെട്ടവരാണെന്ന് കരുതിയാല്‍, ഈ രാജ്യം ഭരിക്കുന്നത് കണ്‍സള്‍ട്ടന്റുമാരായിരിക്കും. കോണ്‍ഗ്രസ് എപ്പോഴെങ്കില്‍ ബിജെപി മുക്തമാകണമെന്ന് പറഞ്ഞിട്ടുണ്ടോ? പ്രശാന്ത് കിഷോര്‍ എങ്ങോട്ട് വേണമെങ്കില്‍ മാറാവുന്ന ഒരു കണ്‍സള്‍ട്ടന്റാണ്. അതുകൊണ്ട് ഏത് വശത്താണ് നിങ്ങളെന്ന് ആദ്യം ഉറപ്പിച്ച ശേഷം നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ക്ലാസെടുക്കൂ എന്നും പവന്‍ ഖേര പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലേക്ക് പ്രശാന്ത് ഇനി വരില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്ലാനിനാണ് പ്രശാന്ത് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.












Click it and Unblock the Notifications