മോദി സർക്കാർ മൂന്നിരട്ടി വേഗത്തിൽ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വഖഫ് ബില്ലുകളുമായി മുന്നോട്ടെന്ന് രാഷ്ട്രപതി
ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മൂന്നിരട്ടി വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ കുതിപ്പെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍, വഖഫ് ബില്‍ അടക്കമുളളവ രാഷ്ട്രപതി ഉയര്‍ത്തിക്കാട്ടി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു.
രാജ്യം അതിവേഗത്തില്‍ വികസനത്തിന്റെ പാതയിലാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി എന്നീ ലക്ഷ്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണ്. പുരോഗമനത്തിലേക്കുളള ചവിട്ട് പടിയാണ് വഖഫ് ഭേദഗതി. രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിനുമാണ് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നത്. എല്ലാവര്‍ക്കും തുല്യപരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും മഹാകുംഭമേളയ്ക്കിടെയുളള തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്കും ആദരാജ്ഞലി അര്‍പ്പിച്ചാണ് രാഷ്ട്രപതി പ്രസംഗത്തിന് തുടക്കമിട്ടത്. രാജ്യം ഇന്ന് വളരെ വേഗത്തില്‍ മികച്ച തീരുമാനങ്ങളെടുക്കുന്നതാണ് കാണുന്നത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും പ്രാഥമിക പരിഗണന ലഭിക്കുന്നു. പ്രധാന്‍ മന്ത്രി ആവാസ് യോജനയേയും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി.
പ്രധാനമന്ത്രി ആവാസ് യോജന വഴി ആളുകള്‍ക്ക് വീടുകള്‍ ഉറപ്പാക്കാനുളള ഉറച്ച ചുവടുകളാണ് എന്റെ സര്‍ക്കാരിന്റേത്. ഈ പദ്ധതിക്ക് കീഴില്‍ 3 കോടി വീടുകള്‍ കൂടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വന്തമായി ഒരു വീടുണ്ടാവുക എന്നുളള ഏതൊരു സാധാരണക്കാരന്റെയും സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 70തോ അതിന് മുകളിലോ പ്രായമുളള 6 കോടി പേര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കുന്നു. എല്ലാ വര്‍ഷവും 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് കവറേജ് ആണ് ഇത് വഴി ലഭിക്കുകയെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
വികസിത ഭാരതം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് സര്‍ക്കാരിന് മുന്നിലുളളത്. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി ആകാനുളള മുന്നേറ്റത്തിലാണ് രാജ്യം. ഡിജിറ്റല്‍ ടെക്‌നോളജി രംഗത്ത് ഇന്ത്യ ശക്തമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുടെ എഐ മിഷന് തുടക്കമിട്ടതായും നൂതന പരീക്ഷണങ്ങളില്‍ ഇന്ത്യയെ ഒരു ആഗോള ശക്തിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. സാമൂഹ്യ നീതിയും തുല്യതയും ഉറപ്പാക്കാനുളള മികച്ച ഉപകരണമായി ഡിജിറ്റല്‍ ടെക്‌നോളജിയെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയുടെ യുപിഐ ഇടപാട് രംഗത്തെ വിജയം ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ തട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡീപ് ഫേക്ക് എന്നവ സാമൂഹ്യ, സാമ്പത്തിക, ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ആണെന്നും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശക്തമായി പരിശ്രമിക്കുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യക്തമാക്കി.












Click it and Unblock the Notifications