രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും ക്ഷണം
ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും ക്ഷണം. രാമക്ഷേത്ര ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ഒരു പ്രതിനിധി സംഘം വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിക്കുകയും ജനുവരി 22-ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഔപചാരികമായി ക്ഷണിക്കുകയും ചെയ്തു എന്ന് വി എച്ച് പി നേതാക്കള്‍ അറിയിച്ചു.
വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, ആര്‍ എസ് എസ് നേതാവ് രാം ലാല്‍, രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്ര എന്നിവരടങ്ങിയ സംഘമാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിച്ചിട്ടുണ്ടെന്ന് വി എച്ച് പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ എക്സില്‍ പങ്ക് വെച്ച പോസ്റ്റില്‍ പറഞ്ഞു. പ്രതിനിധി സംഘത്തില്‍ നിന്ന് ക്ഷണം സ്വീകരിക്കുന്ന പ്രസിഡന്റ് മുര്‍മുവിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.

ക്ഷണം ലഭിച്ചതില്‍ രാഷ്ട്രപതി വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും അയോധ്യ സന്ദര്‍ശിക്കാനുള്ള സമയം ഉടന്‍ തീരുമാനിച്ച് അറിയിക്കാമെന്ന് പറഞ്ഞു എന്നും വിനോദ് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനും 'പ്രാണപ്രതിഷ്ഠ' ചടങ്ങിലേക്കുള്ള ക്ഷണം നല്‍കിയിരുന്നു. ധന്‍ഖര്‍ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം അറിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ദര്‍ശകര്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സിനിമാ - രാഷ്ട്രീയ - സാംസ്‌കാരിക - ആത്മീയ - കായിക രംഗത്തെ വിശിഷ്ട വ്യക്തികളെ ക്ഷേത്ര ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.
അതിനായി 11 ദിവസത്തെ വ്രതം ആരംഭിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ഇന്ത്യക്കാരുടെ മുഴുവന്‍ പ്രതിനിധിയായാണ് പ്രാണപ്രതിഷ്ഠ നടത്താന്‍ ദൈവം തന്നെ നിയോഗിച്ചിരിക്കുന്നത് എന്ന് മോദി പറഞ്ഞു. എല്ലാ ഭക്തരും തന്നോടൊപ്പം ഉണ്ടെന്നും മോദി പറഞ്ഞു. ചരിത്രപരവും മംഗളകരവുമായ ഈ ചടങ്ങിന് സാക്ഷിയാകാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാമഭക്തനെന്ന നിലയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് മുന്‍പായി പ്രധാനമന്ത്രി അര്‍പ്പണബോധത്തോടെ വ്രതം അനുഷ്ഠിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരക്കുകളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നിട്ടും, ജനുവരി 22 നു മുന്‍പായി അദ്ദേഹം എല്ലാ ചടങ്ങുകളും വ്രതവും ചടങ്ങുകളും കര്‍ശമായി പാലിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications