കോണ്‍ഗ്രസ് അംബേദ്കറുടെ സംഭാവനകളെ അവഗണിച്ചു; എല്ലാ ക്രെഡിറ്റും നല്‍കിയത് ഒരു കുടുംബത്തിന്: പ്രധാനമന്ത്രി
ഡല്‍ഹി: അംബേദ്കർ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിആർ അംബേദ്കർ രാജ്യത്തിന് നൽകിയ സംഭാവനകളെ അവഗണിച്ച കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഒരു കുടുംബത്തിന് മാത്രം ക്രെഡിറ്റ് നൽകുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ബിആർ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികള്‍ ബി ജെ പിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടത്തുന്നതിന് ഇടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
നന്നായി കൈകാര്യം ചെയ്യപ്പെടുന്ന ജലസ്രോതസ്സുകളുള്ള രാജ്യങ്ങൾക്ക് മാത്രമേ പുരോഗതി കൈവരിക്കാൻ കഴിയൂവെന്നും രാജ്യത്തിൻ്റെ ജലസ്രോതസ്സുകളെ ശക്തിപ്പെടുത്തുന്നതിൽ അംബേദ്കറുടെ ദർശനം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ കെൻ-ബെത്വ നദി ബന്ധന പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

"ബാബാ സാഹെബ് അംബേദ്കറുടെ ദർശനവും ദീർഘവീക്ഷണവും ഇന്ത്യയുടെ ജലസ്രോതസ്സുകൾ, ജലപരിപാലനം, അണക്കെട്ട് നിർമ്മാണം എന്നിവയെ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവന നൽകി. ഇന്ത്യയിലെ പ്രധാന നദീതട പദ്ധതികളുടെ വികസനത്തിൽ അംബേദ്കർ നിർണായക പങ്ക് വഹിച്ചു. ഇപ്പോഴത്തെ സെൻട്രൽ വാട്ടർ കമ്മീഷൻ രൂപീകരണത്തിന് പിന്നിലും അദ്ദേഹത്തിൻ്റെ ശ്രമങ്ങളുണ്ട്" പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ കോൺഗ്രസ് പാർട്ടി ഒരിക്കലും രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ജലസംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ശ്രദ്ധിച്ചിട്ടില്ല. ഭരണഘടനാ ശിൽപിയുടെ ശ്രമങ്ങളെ അവർ അംഗീകരിക്കുന്നില്ല. കോൺഗ്രസും ഭരണവും ഒരിക്കലും ഒരുമിച്ച് മുന്നോട്ട് പോയിട്ടില്ല. കോൺഗ്രസ് സർക്കാരുകൾ തറക്കല്ലിട്ട പദ്ധതികള്‍ 35 മുതല്‍ 40 വർഷം വൈകി. 21-ാം നൂറ്റാണ്ടിലെ പ്രധാന വെല്ലുവിളി ജലസുരക്ഷയാണ്. ഈ സാഹചര്യത്തില്‍ കൃത്യമായ മാനേജ്മെൻ്റിനൊപ്പം മതിയായ ജലസ്രോതസ്സുകളുള്ള രാജ്യങ്ങൾ മാത്രമേ മുന്നോട്ട് പോകൂ - എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ എന്നിവർ അംബേദ്കർ വിഷയത്തിൽ കോൺഗ്രസിനെതിരെ സമാന രീതിയില്‍ രൂക്ഷമായ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ കടന്നാക്രമണവും.
അതേസമയം, ബി ജെ പി ജനാധിപത്യത്തോടും ഭരണഘടനയോടും ശത്രുത പുലർത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് തിരിച്ചടിച്ചു. 'ഭരണഘടനാ നിർമ്മാതാക്കളെയും ഭരണഘടനാ സംരക്ഷകരെയും സ്വാതന്ത്ര്യപോരാളികളേയും ജനാധിപത്യത്തിൻ്റെ സംരക്ഷകരെയും ബി ജെ പിയും സംഘവും എക്കാലവും എതിർത്തിട്ടുണ്ട്. സംഘപരിവാറിനും ബി ജെ പിക്കും അവരുടെ അനുബന്ധ സംഘടനകൾക്കും ജനാധിപത്യത്തേയും ഭരണഘടനയേയും അംഗീകരിക്കാനാവില്ലെന്നാണ് ഈ വസ്തുതകളെല്ലാം വ്യക്തമാക്കുന്നത്' കോൺഗ്രസ് നേതാവ് സുരേന്ദ്ര രാജ്പുത് പറഞ്ഞു.












Click it and Unblock the Notifications