താലിബാനെതിരെ മോദി, പേര് പറയാതെ പരോക്ഷ വിമർശനം, 'ഭീകരത അടിസ്ഥാനമാക്കിയ ഒരു സാമ്രാജ്യവും വാഴില്ല'
ദില്ലി: അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്ത ഭീകരസംഘടനയായ താലിബാനെ പേരെടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് പ്രതികരണം.
താലിബാന്‍ അഫ്ഗാന്‍ ഭരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ ഭീഷണിയാണ്. പാകിസ്താന്റെയും ചൈനയുടെ പിന്തുണ താലിബാനുണ്ട് എന്നതാണ് ഇന്ത്യയുടെ ആശങ്ക ഉയര്‍ത്തുന്നത്. അതിനിടെയാണ് താലിബാനെതിരെ പ്രധാനമന്ത്രിയുടെ പ്രതികരണം.
ഓണം സ്‌പെഷ്യല്‍ ലുക്കില്‍ മാലാഖയെ പോലെ തിളങ്ങി നടി അഞ്ജു; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഇതാദ്യമായാണ് താലിബാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുന്നത്. ''ഭീകരത അടിസ്ഥാനമാക്കി കെട്ടിയുയര്‍ത്തുന്ന ഒരു സാമ്രാജ്യം കുറച്ച് കാലത്തേക്ക് നിലനിന്നേക്കാം. എന്നാല്‍ അതിന്റെ നിലനില്‍പ്പ് സ്ഥിരമായിരിക്കില്ല. ദീര്‍ഘകാലത്തേക്ക് മനുഷ്യത്വത്തെ അടിച്ചമര്‍ത്താനാകില്ല'' എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇന്ത്യയുമായുളള വ്യാപാര ബന്ധം താലിബാന്‍ അവസാനിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മില്‍ പതിനായിരം കോടി രൂപയുടെ വ്യാപാരമുണ്ട് എന്നാണ് ചേമ്പര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി അഭിപ്രായപ്പെടുന്നത്. സൗത്ത് ഏഷ്യയിലെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 3800 കോടിയുടെ സാധനങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. 6000 കോടിയുടെ സാധനങ്ങള്‍ ഇന്ത്യ കയറ്റുമതിയും നടത്തി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ കൈപ്പിടിയിലൊതുക്കിയത്. താലിബാന്‍ കാബൂളില്‍ എത്തിയതിന് പിന്നാലെ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. അഫ്ഗാനിസ്ഥാന്‍ പൗരന്മാരും വിദേശ പൗരന്മാരും അടക്കമുളള ആളുകള്‍ രാജ്യം വിടാനുളള ശ്രമം നടത്തുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും ഏതാനും ദിവസങ്ങളായി പുറത്ത് വരുന്നുണ്ട്. അഫ്ഗാനില്‍ കുടുങ്ങി എഴുന്നൂറോളം ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാനുളള ശ്രമം തുടരുകയാണ്.

വ്യോമസേനയുടെ വിമാനം കാബൂളില്‍ എത്തിയിട്ടുണ്ട്. വ്യോമസേനയുടെ സി 17 ഗ്ലോബ്‌സ്റ്റര്‍ വിമാനം ആണ് കാബൂളില്‍ എത്തിയിരിക്കുന്നത്. ഗുരുദ്വാരയില്‍ അഭയം തേടിയ എഴുപതോളം പേരെ നേരത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇക്കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നാണ് വിവരം. ഈ സംഘവുമായി ഇന്ന് തന്നെ വ്യോമസേന വിമാനത്തിന് ഇന്ത്യയിലേക്ക് തിരിച്ച് എത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ താലിബാന്‍ സംഘം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തിയതായുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. കാണ്ഡഹാറിലേയും ഹെറാത്തിലേയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലാണ് താലിബാന്‍ തീവ്രവാദികള്‍ എത്തി പരിശോധന നടത്തിയത്. അടച്ചിട്ട ഓഫീസുകളില്‍ എത്തിയ താലിബാന്‍ സംഘം രേഖകള്‍ തിരച്ചില്‍ നടത്തി. മാത്രമല്ല കോണ്‍സുലേറ്റുകളിലെ ഇന്ത്യന്‍ വാഹനങ്ങള്‍ സംഘം പിടിച്ചെടുത്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നും പ്രതികാര നടപടികള്‍ ഇല്ലെന്നും ഭരണത്തില്‍ എത്തിയതിന് പിന്നാലെ താലിബാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പറഞ്ഞതിന് വിപരീതമായി താലിബാന്‍ പ്രതികാര നടപടികള്‍ ആരംഭിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യത്തിനും നാറ്റോ സൈന്യത്തിനും സഹായങ്ങള്‍ ചെയ്തവരെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്താനാണ് താലിബാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. വീടുകള്‍ തോറും കയറിയാണ് താലിബാന്‍ തീവ്രവാദികള്‍ തിരച്ചില്‍ നടത്തുന്നത്.

അഫ്ഗാന്‍ സൈന്യത്തിലുണ്ടായിരുന്ന ആളുകളെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മ്മന്‍ മാധ്യമ സ്ഥാപനമായ ഡിഡബ്ല്യൂവിലെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെ താലിബാന്‍ കൊലപ്പെടുത്തി. മാധ്യമപ്രവര്‍ത്തകന് വേണ്ടിയുളള തിരച്ചിലിനിടെയാണ് ബന്ധുവിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി താലിബാന്‍ വ്യാപക തിരച്ചിലാണ് നടത്തുന്നത്.












Click it and Unblock the Notifications