പ്രിയങ്കയുടെ റോള്‍ മാറുന്നു.... പ്രചാരണം 4 സംസ്ഥാനങ്ങളിലേക്ക്, പുതിയ നീക്കം!!
Recommended Video

ദില്ലി: പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. രാജ്യത്ത് എല്ലായിടത്തും പ്രിയങ്കയ്ക്ക് വലിയ സ്വാധീനമുണ്ടെന്ന് കോണ്‍ഗ്രസിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. പല പ്രവര്‍ത്തകരും അവര്‍ മത്സരിക്കണമെന്ന കാര്യം വരെ പാര്‍ട്ടിക്കുള്ളില്‍ ആവശ്യപ്പെടുകയും രാഹുലിനോട് പ്രത്യേകം ഇക്കാര്യം പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ രണ്ട് കാര്യങ്ങളും പ്രിയങ്ക തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. അവര്‍ ദേശീയ തലത്തില്‍ കൂടുതല്‍ പ്രചാരണത്തിനായി ഇറങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിച്ച് ബിജെപിക്കെതിരെ രംഗത്തിറങ്ങുമെന്നാണ് പറയുന്നത്. ഇതോടെ ബിജെപിക്കും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും ഇത് വെല്ലുവിൡയാണ്.

പ്രിയങ്ക കരുത്ത് നേടുന്നു
പ്രിയങ്കയുടെ സ്വാധീനം ഓരോ സംസ്ഥാനത്തും വര്‍ധിച്ച് വരികയാണ്. ഇതോടെയാണ് യുപിയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടെന്ന് പ്രിയങ്ക തീരുമാനിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പ്രിയങ്ക പ്രചാരണത്തിനായി എത്തുന്നത്. ഇതില്‍ രണ്ടെണ്ണം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അപ്രതീക്ഷിതമായിട്ടാണ് പ്രിയങ്ക തന്റെ വരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്തുകൊണ്ട് പ്രിയങ്ക?
സ്ത്രീവോട്ടര്‍മാരെ കൈയ്യിലെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മധ്യപ്രദേശിലും രാജസ്ഥാനിലും സ്ത്രീകളുടെ വോട്ട് നിര്‍ണായകകമാണ്. മോദിയുടെ ചില നയങ്ങള്‍ സ്ത്രീകള്‍ ഗുണകരമായിട്ടുണ്ട്. എന്നാല്‍ കാര്യമായിട്ടുള്ളതൊന്നും ലഭിച്ചിട്ടുമില്ല. ഇത് തുറന്ന് കാണിക്കാന്‍ പ്രിയങ്കയാണ് നല്ലതെന്ന് സംസ്ഥാന ഘടകങ്ങള്‍ കണക്ക് കൂട്ടുന്നു. എളുപ്പത്തില്‍ പ്രിയങ്കയ്ക്ക് സാധാരണ സ്ത്രീകളുമായി ബന്ധമുണ്ടാക്കാന്‍ സാധിക്കും.

80 സീറ്റുകള്‍
മധ്യപ്രദേശില്‍ 29 സീറ്റുകളും രാജസ്ഥാനില്‍ 25 സീറ്റുകളും മഹാരാഷ്ട്രയില്‍ 48 സീറ്റുകളും ഗുജറാത്തില്‍ 26 സീറ്റുകളുമാണുള്ളത്. ഇതില്‍ 80 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് ലഭിച്ചാല്‍ ഏത് പാര്‍ട്ടിയുടെയും തലവര മാറും. പ്രിയങ്കയ്ക്ക് പിന്നോക്ക വിഭാഗങ്ങളിലും മുസ്ലീങ്ങളിലുമുള്ള സ്വാധീനം കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

മത്സരിക്കാനില്ലെന്ന് പ്രിയങ്ക
വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനില്ലെന്ന് പ്രിയങ്കയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചാല്‍ അത് മറ്റെല്ലാ സംസ്ഥാനത്തുമുള്ള പ്രചാരണം ദുര്‍ബലമാക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണം നടത്താന്‍ സാധിക്കുകയും അതോടൊപ്പം മത്സരിക്കുകയും ചെയ്യാന്‍ സാധിക്കുന്ന ഒരു മണ്ഡലമാണ് പ്രിയങ്കയ്ക്കായി രാഹുല്‍ തേടുന്നത്.

പ്രതിപക്ഷത്തിന് തിരിച്ചടിയാവുമോ?
പ്രിയങ്ക ബംഗാളിലും പ്രചാരണത്തിനായി എത്തണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അവര്‍ എത്തുന്നതോടെ കോണ്‍ഗ്രസ് മമതാ ബാനര്‍ജിക്കെതിരെ തിരിയേണ്ടി വരും. മമതയെ വിമര്‍ശിക്കാതെ പ്രിയങ്കയ്ക്ക് മുന്നോട്ട് പോകാനാവില്ല. അതേസമയം പ്രിയങ്ക എവിടൊക്കെ പ്രചാരണം നടത്തണമെന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തുന്നുണ്ട്. കേരളത്തില്‍ പ്രചാരണത്തിനായി അവര്‍ എത്തുമെന്നാണ് വ്യക്തമാകുന്നത്.












Click it and Unblock the Notifications