Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞില്ല; നാഗ്പൂരില്‍ നിന്ന് അവിനാശിനെ ഇറക്കി കോണ്‍ഗ്രസ്, യുപിയില്‍ പൊടിപാറും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ തലത്തില്‍ വലിയ മാറ്റങ്ങളാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് നടപ്പാക്കുന്നത്. ദേശീയ തിരഞ്ഞെടുപ്പില്‍ കേന്ദ്ര ബിന്ദുവാകുന്ന ഉത്തര്‍ പ്രദേശില്‍ നേട്ടമുണ്ടാക്കണമെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യം. യുപിയില്‍ നേരിയ മുന്നേറ്റംപോലും കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ വിജയം അസാധ്യമാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് മനസിലാക്കുന്നു.

ഈ സാഹചര്യത്തിലാണ് അവിനാശ് പാണ്ഡെക്ക് ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതല നല്‍കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയെ മാറ്റിയാണ് അവിനാശിന് ചുമതല നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഉത്തര്‍ പ്രദേശ് ചുമതല പ്രിയങ്ക ഗാന്ധിക്ക് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.

congress-avinash-pande

ബിജെപി വലിയ പദ്ധതികള്‍ നടപ്പാക്കുന്ന ഉത്തര്‍പ്രദേശില്‍ മുന്നേറ്റമുണ്ടാക്കുക എന്നത് കോണ്‍ഗ്രസിന് എളുപ്പം സാധിക്കുന്ന ഒന്നല്ല. അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ചരിത്ര സംഭവമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. മാത്രമല്ല, ഗ്യാന്‍വാപി, ഷാഹി ഈദ്ഗാഹ് മസ്ജിദ് വിവാദങ്ങള്‍ സജീവമാകുന്നതും തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ്.

മോദി, യോഗി, അമിത് ഷാ ത്രയങ്ങളെ പരാജയപ്പെടുത്താന്‍ അവിനാശ് പാണ്ഡെയ്ക്ക് സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപിയുടെ തന്ത്രങ്ങള്‍ പൊളിക്കാന്‍ എത്തിയ അവിനാശ് പാണ്ഡെ ആരാണ് എന്ന് വിശദീകരിക്കാം. മുന്‍ രാജ്യസഭാംഗമാണ് അവിനാശ് പാണ്ഡെ എന്ന 65കാരന്‍. 2010-2016 കാലത്താണ് മഹാരാഷ്ട്രയില്‍ നിന്ന് ഇദ്ദേഹം രാജ്യസഭാംഗമായത്. 2008ല്‍ മല്‍സരിച്ചെങ്കിലും രാഹുല്‍ ബജാജിനോട് ഒരു വോട്ടിന് തോല്‍ക്കുകയായിരുന്നു.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല വഹിച്ചുവരികയായിരുന്നു അവിനാശ്. നേരത്തെ രാജസ്ഥാനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970കളില്‍ എല്‍എസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. പിന്നീട് യൂത്ത് കോണ്‍ഗ്രസിലും സുപ്രധാന പദവികള്‍ വഹിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്. നാഗ്പൂരില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പഠനവും അവിടെ തന്നെയായിരുന്നു.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അവിനാശ് അഭിഭാഷകനുമാണ്. പുതിയ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. യുപിയില്‍ മുഖ്യ പ്രതിപക്ഷമായ എസ്പിയുമായും അഖിലേഷ് യാദവുമായും അവിനാശ് സ്വീകരിക്കുന്ന നയമാണ് സുപ്രധാനമാകുക.

ബിഎസ്പി, എസ്പി എന്നീ കക്ഷികളെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ യുപിയില്‍ നേട്ടം കൊയ്യാനാകും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും കൈകോര്‍ത്തിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തനിച്ചാണ് മല്‍സരിച്ചത്. അതാകട്ടെ, ബിജെപിക്ക് വലിയ നേട്ടമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അവിനാശ് പാണ്ഡെയുടെ നിയമനം ചര്‍ച്ചയാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+