ഇപ്പോൾ ഉത്തർപ്രദേശിന് വേണ്ടത് ഇതാണ്;യോഗി ആദിത്യനാഥിന് പ്രിയങ്കയുടെ രണ്ടാമത്തെ കത്ത്,ആവശ്യങ്ങൾ ഇങ്ങനെ
ലഖ്നൗ; കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനത്ത് നിരന്തര ഇടപെടലുകളാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ എല്ലാ സഹായങ്ങളും സർക്കാരിന് വാഗ്ദാനം ചെയ്ത പിന്നാലെ രോഗ പരിശോധന വ്യാപകമാകാത്ത സർക്കാർ നടപടിക്കെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും കത്തയച്ചിരിക്കുകയാണ് പ്രിയങ്ക.
കൊവിഡിൽ പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കുന്നതിൽ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്നാണ് പ്രിയങ്ക നിർദ്ദേശിച്ചിരിക്കുന്നത്. കത്തിന്റെ വിശദാംശങ്ങളിലേക്ക്

സാമ്പത്തിക പ്രതിസന്ധി
കൊവിഡ് സംബന്ധിച്ച് പ്രിയങ്ക ഇത് രണ്ടാം തവണയാണ് യോഗി ആദിത്യനാഥിന് കത്തയക്കുന്നത്. കൊവിഡ് മഹാമാരിയുടെ തുടർന്ന് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാനത്ത് ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

കനത്ത തകർച്ച
സംസ്ഥാനത്തെ വ്യവസായങ്ങൾ വലിയ തകർച്ചയാണ് നേരിട്ടത്. ലക്ഷക്കണക്കിന് നെയ്ത്തുകാർക്ക് ജോലി നഷ്ടമായി. ചെറുകിട വ്യവസായങ്ങളും തകർച്ചയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ സാമ്പത്തിക പുനരുദ്ധാരണ പദ്ധതി ആവിഷ്‌കരിക്കുന്നതിന് സാമ്പത്തിക രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കണം, പ്രിയങ്ക പറഞ്ഞു.

പുനരുജ്ജീവനം
സംസ്ഥാനത്തെ സാമ്പത്തിക പുനരുജ്ജീവനത്തിനായി ഒരു റോഡ് മാപ്പ് തയ്യാറാക്കുക എന്നതാകണം ടാസ്ക് ഫോഴ്സിന്റെ ചുമതല. കർഷകരുടെ വിളകൾ സംഭരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകണമെന്നും പ്രിയങ്ക കത്തിൽ ആവശ്യപ്പെട്ടു. കരിമ്പ് കർഷകർക്ക് കൊടുത്ത് തീർക്കാനുള്ള കുടിശ്ശിക ഉടൻ നൽകണം.

ഇളവ് നൽകണം
സുഗമമായ വിളവെടുപ്പ് ഉറപ്പാക്കണം. റാബി വിളയുടെ സംഭരണത്തിനും ഉള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തണം. സംയോജിത വിളവെടുപ്പ്, കൊയ്ത്ത് യന്ത്രങ്ങൾ, ധാന്യവിളകൾ വൃത്തിയാക്കുന്ന കാർഷിക യന്ത്രങ്ങളുടെ എന്നിവയുടെ ഉപയോഗത്തിനുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തണം, കത്തിൽ പറയുന്നു.

സൗജന്യ റേഷൻ
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്ത എല്ലാ തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കണം.ഗോതമ്പ്, പയർവർഗ്ഗങ്ങൾ, ഭക്ഷ്യഎണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ നൽകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കൊവിഡ് സാരമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഇതുവരെ 849 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പരിശോധന വൈകുന്നത്
വെള്ളിയാഴ്ച മാത്രം 44 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. 14 പേർക്കാണ് വൈറസ് ബാധമൂലം ജീവഹാനി സംഭവിച്ചത്. ആശങ്കയ്ക്കിടയിലും നേരത്തെ പരിശോധന വൈകുന്നതിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു. പരിശോധന വളരെ ശോകമാണെന്നും സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ച അഞ്ച് പേരുടേയും പരിശോധന ഫലം വന്നത് അവരുടെ മരണശേഷമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു.

ജാതിയോ മതമോ ഇല്ല
ഏപ്രിൽ 10 നായിരുന്നു പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയച്ചത്. കൊറോണ വൈറസിന് ജാതിയോ മതമോ ഇല്ല, അത് എല്ലാവരേയും ബാധിക്കും. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ മാറ്റി നിർത്തി ഒരുമിച്ച് നടപടികൾ കൈകൊള്ളണമെന്നായിരുന്നു കത്തിൽ പ്രിയങ്ക വ്യക്തമാക്കിയത്.












Click it and Unblock the Notifications