'35 മണ്ഡലങ്ങളിൽ സർപ്രൈസ്,ഇക്കുറി കളിമാറും'; പഞ്ചാബിൽ ബിജെപിയുടെ പ്രതീക്ഷകൾ ഇങ്ങനെ
ദില്ലി; ബിജെപിക്ക് തീരെ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. മോദി തരംഗം ആഞ്ഞടിച്ച കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ഇവിടെ നിന്ന് ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു. എന്നാൽ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പല അട്ടിമറികളും ഉണ്ടാക്കാനാകുമെന്ന പ്രീക്ഷയിലാണ് ബി ജെ പി. കോൺഗ്രസ് വിട്ടെത്തിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായുള്ള സഖ്യവും കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള തിരുമാനവും സംസ്ഥാനത്തെ പാർട്ടിയിടെ ഭാവി തന്നെ മാറ്റിയിട്ടുണ്ടെന്ന് നേതൃത്വം കരുതുന്നുണ്ട്.

നേരത്തേ 23 സീറ്റുകളിലായിരുന്നു സംസ്ഥാനത്ത് ബി ജെ പി മത്സരിക്കാറുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 12 സീറ്റുകളിൽ കൂടി ബി ജെ പി തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. പഞ്ചാബ് ലോക് കോൺഗ്രസിലെ (പിഎൽസി) അഞ്ച് പേർ ഉൾപ്പെടെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള 73 സീറ്റുകൾ സംസ്ഥാനത്ത് ഉണ്ട്. ഇവയിൽ കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും ഒരിക്കലെങ്കിലും വിജയിച്ച 25 മണ്ഡലങ്ങൾ ഉണ്ടെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ മുൻതൂക്കം ലഭിച്ച നഗരപ്രദേശങ്ങളാണ് ഇക്കുറിയും ബി ജെ പി ശ്രദ്ധപതിപ്പിക്കുന്നത്. ഗർശങ്കർ, റോപ്പർ, ആതംനഗർ, ലുധിയാന സൗത്ത്, ലുധിയാന ഈസ്റ്റ്, ദേരാ ബസ്സി, ഖന്ന, സംഗ്രൂർ, ബതിന്ദ അർബൻ, ഗുരുദാസ്പൂർ, ബട്ടാല, മാൻസ എന്നിവയാണ് ബിജെപി കൂടുതൽ പ്രചരണം നടത്തുന്ന മണ്ഡലങ്ങൾ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ മോദി ഫാക്ടർ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്.

ലുധിയാനയിലെ മൂന്ന് സീറ്റുകളായ ലുധിയാന സൗത്ത്, ലുധിയാന ഈസ്റ്റ്, ആതംനഗർ എന്നിവിടങ്ങളിൽ ഇത്തവണ ആശ്ചര്യപ്പെടുത്തുന്ന ഫലങ്ങളാകും ഉണ്ടാകുകയെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. നേരത്തേ സഖ്യകക്ഷിയായ അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ‍്ഗ്രസിന് ഈ സീറ്റുകൽ ബി ജെ പി വിട്ട് നൽകിയിരുന്നുവെങ്കിലും ഇവിടെ നിന്ന് ബി ജെ പി ചിഹ്നത്തിൽ തന്നെ മത്സരിക്കാൻ പി എൽ സി അംഗങ്ങൾ നേതൃത്വത്തോട് താത്പര്യം അറിയിക്കുകയായിരുന്നു. ദളിത്, ഹിന്ദു വിഭാഗങ്ങൾക്ക് ഏറെ ആധിപത്യം ഉള്ള മണ്ഡലമാണിത്.

ശിരോമണി അകാലിദളുമായി സഖ്യത്തിലായിരുന്നു ഇക്കാലമത്രയും ബി ജെ പി പഞ്ചാബിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. നിയമങ്ങളെ ചൊല്ലി സഖ്യം ഉപേക്ഷിച്ച എസ് എ ഡി ഇക്കുറി ബി എസ് പിയുമായിട്ടാണ് മത്സരിക്കുന്നത്.

അതേസമയം നിലവിൽ തങ്ങൾക്ക് അനുകൂലമാണ് കാര്യങ്ങളെന്നും ഹിന്ദു വോട്ടുകൾ പരമാവധി പെട്ടിയിലാകുമെന്നുമാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. ഹിന്ദുവോട്ടുകൾ ബി ജെ പിക്കും എസ് എ ഡിക്കും ഇടയിൽ ഭിന്നിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കളിമാറുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. നേരത്തേ കോൺഗ്രസിനും ബി ജെ പിയ്ക്കും ഇടയിൽ പെട്ടിരുന്ന ഹിന്ദുവോട്ടർമാർ അമരീന്ദറിന്റെ വരവോടെ ബി ജെ പിക്കൊപ്പം നിലയിറക്കുമെന്നും നേതൃത്വം കരുതുന്നുണ്ട്. ജാട്ട് സിഖ് സമുദായങ്ങളുടെ വോട്ടിലും ബി ജെ പി പ്രതീക്ഷ പുലർത്തുന്നുണ്ട്. ഇത്തവണ ദളിത് വോട്ടുകൾ ലക്ഷ്യം വെച്ച് ചരൺ ജിത്ത് സിംദ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ജാട്ട് വിഭാഗത്തിനിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതും മുതലെടുക്കാമെന്ന് ബി ജെ പി പ്രതീക്ഷ പുലർത്തുന്നുണ്ട്.












Click it and Unblock the Notifications