സെലിബ്രിറ്റികളെ എത്തിച്ച് പഞ്ചാബ് പിടിക്കാന്‍ ബിജെപി; നടി മഹി ഗില്ലും നടന്‍ കമാല്‍ ധാലിവാളും ബിജെപിയില്‍
അമൃത്സര്‍: പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സെലിബ്രിറ്റികളെ പാര്‍ട്ടിയിലെത്തിച്ച് ബി ജെ പി. ബോളിവുഡ് നടി മഹി ഗില്‍, പഞ്ചാബ് നടന്‍ കമല്‍ ധലിവാല്‍ എന്നിവരാണ് തിങ്കളാഴ്ച ബി ജെ പിയില്‍ അംഗത്വമെടുത്തത്. ദേവ് ഡി എന്ന സിനിമയിലൂടെ പ്രശസ്തയായ മഹി ഗില്‍ ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹര്‍മോഹിന്ദര്‍ സിംഗ് ലക്കിയ്ക്ക് വേണ്ടിയായിരുന്നു മഹി ഗില്‍ പ്രചരണത്തിനിറങ്ങിയത്.
എന്നാല്‍ ഹര്‍മോഹിന്ദര്‍ സിംഗ് ലക്കി തന്റെ ബാല്യകാല സുഹൃത്താണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണച്ചത് എന്നുമായിരുന്നു മഹി ഗില്‍ അന്ന് പറഞ്ഞിരുന്നത്. തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പദ്ധതിയില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ അത് സംഭവിച്ചേക്കാമെന്നും മഹി ഗില്‍ പറഞ്ഞിരുന്നു. ദബാംഗ്, ഗുലാല്‍, നോട്ട് എ ലവ് സ്റ്റോറി, ബുള്ളറ്റ് രാജ, വെഡ്ഡിംഗ് ആനിവേഴ്സറി തുടങ്ങി നിരവധി ചിത്രങ്ങളില്‍ മഹി ഗില്‍ അഭിനയിച്ചിട്ടുണ്ട്.

ഹോബി ധലിവാള്‍ എന്നറിയപ്പെടുന്ന കമല്‍ ധലിവാല്‍ പഞ്ചാബിലെ ജനപ്രിയ നടനാണ്. താനാ സദര്‍, ജിന്‍ഡെ മെരിയേ ദിലാവാര്‍, ആംഗ്രെജ്, പഞ്ചാബിയന്‍ ദാ കിംഗ് ബല്‍രാജ് സിംഗ്, സാബ് ബഹാദര്‍, ലഹോറിയേ, ജോറ 10 നംബരിയ, അര്‍ദാസ് കരാന്‍, മഞ്ചെ ബിസ്ട്രേ, ഇക് സന്ധു ഹുന്ദ സി തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗജേന്ദ്ര സിംഗ് ഷെഖാവത്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും പാര്‍ട്ടി പ്രവേശനം. ഞാന്‍ പെണ്‍കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍, അതിനുള്ള ഒരു മാധ്യമം എനിക്കുണ്ടെന്നും മഹി ഗില്‍ പറഞ്ഞു.

പഞ്ചാബിന് വിവിധ അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നതാണ് തന്റെ വേദനയെന്നും സംസ്ഥാനത്ത് ബി ജെ പി നയങ്ങള്‍ നടപ്പിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ധാലിവാള്‍ പറഞ്ഞത്. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായാണ് മാളവിക ജനവിധി തേടുന്നത്. മാളവികയുടെ പ്രചരണത്തില്‍ സജീവമാണ് സോനു സൂദ്. ഇതിന് പിന്നാലെയാണ് സെലിബ്രിറ്റികളെ ബി ജെ പിയും സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. ഫെബ്രുവരി 20 നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് ഫലമറിയാം.

2017 ല്‍ ആകെയുള്ള 117 സീറ്റില്‍ 77 സീറ്റ് നേടി കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്. അന്ന് സംസ്ഥാനത്തെ പ്രബലകക്ഷിയായിരുന്ന ശിരോമണി അകാലിദളുമായി സഖ്യത്തിലായിരുന്നു ബി ജെ പി. എന്നാല്‍ കാര്‍ഷിക നിയമവും പിന്നാലെ നടന്ന കര്‍ഷക സമരവും സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ശിരോണി അകാലി ദള്‍ എന്‍ ഡി എ വിട്ടു. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപിരിഞ്ഞ അമരീന്ദര്‍ സിംഗിനെ ബി ജെ പി കൂടെ കൂട്ടി. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ അമരീന്ദര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചതോടെ ബി ജെ പി 117 സീറ്റിലും അമരീന്ദറുമായി സഖ്യം പ്രഖ്യാപിച്ചു. മറുവശത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത ഒരുവിധത്തില്‍ ഒത്തുതീര്‍പ്പാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പി സി സി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു, മുന്‍ പി സി സി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കം നടത്തിയിരുന്നെങ്കിലും ഹൈക്കമാന്റ് ചന്നിയ്‌ക്കൊപ്പം നിന്നു. ശിരോമണി അകാലിദളാകട്ടെ ബി എസ് പിയെ കൂടെ കൂട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പ്രകാശ് സിംഗ് ബാദലിനെ കളത്തിലിറക്കിയാണ് ശിരോമണി അകാലി ദളിന്റെ പ്രചരണം. 94 കാരനായ പ്രകാശ് സിംഗ് ബാദല്‍ അഞ്ച് തവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു. പോരാത്തതിന് ജനകീയനും. മുഖ്യ പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടി ഇത്തവണ ഭരണം പിടിക്കാനുറച്ചാണ് രംഗത്തുള്ളത്. ഭാഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ചാണ് കെജ്രിവാള്‍ തന്ത്രം മെനയുന്നത്. ദല്‍ഹി മോഡല്‍ ക്ഷേമ ഭരണമാണ് ആം ആദ്മി മുന്നോട്ടുവെക്കുന്നത്.












Click it and Unblock the Notifications