റാഫേൽ യുദ്ധ വിമാനങ്ങൾ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ടാബ്ലോ.. പുതുമ നിറഞ്ഞ് പരേഡ് കാഴ്ചകൾ
ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷങ്ങൾ തികച്ചും വ്യത്യസ്തമാണെങ്കിലും പ്രൗഡിക്ക് മങ്ങലേൽക്കാതെയാണ് ആഘോഷങ്ങൾ.പരേഡിന്റെ പ്രധാന ആകർഷണമായ മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ ഇല്ലേങ്കിലും മറ്റ് പല പുതുമ നിറഞ്ഞ കാഴ്ചകളും പരേഡിൽ ഇത്തവണ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
റാഫേല്‍ യുദ്ധവിമാനങ്ങള്‍ ആദ്യമായി പങ്കെടുക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കൂടിയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഫ്രാന്‍സിന്റെ പക്കല്‍ നിന്നും ഇന്ത്യ റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വനന്തമാക്കിയത്. ഒരു റഫാൽ വിമാനം മാത്രമാകും പരേഡിനുണ്ടാവുക. 'വെർട്ടിക്കൽ ചാർലി' ഘടനയിലാകും റാഫേല്‍ പരേഡ് നടത്തുക.
റിപ്പബ്ലിക് ദിന പരേഡിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ യുദ്ധ പൈലറ്റ് പങ്കെടുക്കും. ഇന്ത്യയിലെ ആദ്യത്തെ വനിതാ യുദ്ധ പൈലറ്റുമാരിൽ ഒരാളായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭവാന കാന്ത് ആണ് ഐഎഎഫിന്റെ ടാബ്ലോയുടെ ഭാഗമായി പങ്കെടുക്കുന്നത്. ഈ ടാബ്ലോയില്‍ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ), ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), സുഖോയ് -30 യുദ്ധവിമാനങ്ങൾ എന്നിവയുടെ ചെറു പതിപ്പുകളും പ്രദര്‍ശിപ്പിക്കും.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നിന്നും ആദ്യമായെത്തുന്ന ടാബ്ലോയില്‍ തിക്സെ ആശ്രമവും അവരുടെ സാംസംസ്കാരിക സമ്പന്നതയുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ലേ ജില്ലയിലെ തിക്സെയിലെ ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള തിക്സെ ആശ്രമം ഇവിടെ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടം കൂടിയാണ്.
അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ മാതൃകയുമായാണ് ഉത്തര്‍ പ്രദേശ് പരേഡില്‍ പങ്കെടുക്കുന്നത്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭൂമി തർക്ക കേസ് അവസാനിപ്പിച്ച് 2019 നവംബറിൽ ആണ് സുപ്രീം കോടതി തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്കിയത്.
ആന്ധ്രയുടെ അടയാളമായ ലേപാക്ഷി ക്ഷേത്രമാണ് സംസ്ഥാനം ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് ടാബ്ലോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലേപാക്ഷി ക്ഷേത്രത്തിലെ സമ്പന്നമായ ശിലാ വാസ്തുവിദ്യ ടാബ്ലോയില്‍ കാണാം. ക്ഷേത്ര വാസ്തുവിദ്യ കൂടാതെ, 27 അടി നീളവും 15 അടി ഉയരവുമുള്ള ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന നന്ദിയുടെ വലിയ ഒറ്റക്കല്‍ രൂപത്തിന്റെ ഘടനയും ഇവിടെ കാണാം.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ പട്ടികയിൽ ഐഎൻഎസ് വിക്രാന്തിന്റെ മാതൃകകളും 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നടത്തിയ നാവിക പ്രവർത്തനങ്ങളും ആണ് പ്രദർശിപ്പിക്കുന്നത്.