നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിക്കപ്പെട്ടതും അതിന്റെ വിവരങ്ങൾ പുറത്തുപോയതുമായ ആരോപണങ്ങളാണ് ഹർജിയുടെ അടിസ്ഥാനം.
ഫോറൻസിക് പരിശോധനകളിൽ മെമ്മറി കാർഡ് കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ ഒന്നിലധികം തവണ തുറന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ, ഡിജിറ്റൽ തെളിവുകളുടെ സമഗ്രത ഉറപ്പാക്കാൻ ഉപയോഗിക്കുന്ന 'ഹാഷ് വാല്യൂ'യിൽ മാറ്റം വന്നതായും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ഇത് തെളിവുകളുടെ സുരക്ഷയെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

മെമ്മറി കാർഡിലേക്ക് ആരൊക്കെയാണ് പ്രവേശനം നേടിയതെന്നും ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ എന്നും ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഇതിനുമുമ്പ് ഹൈക്കോടതി സംഭവത്തിൽ വസ്‌തുതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിൽ മെമ്മറി കാർഡ് മൂന്ന് തവണ പരിശോധിക്കപ്പെട്ടതായും ഹാഷ് വാല്യൂ മാറിയതായും കണ്ടെത്തിയിരുന്നു.
എന്നാൽ, നേരത്തെ നടത്തിയ അന്വേഷണത്തിൽ നിരവധി വസ്‌തുതകൾ പരിശോധിച്ചിട്ടില്ലെന്നും തന്നെ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ടത്. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും മുമ്പ് ഉന്നയിച്ചിരുന്നു.
എന്നാൽ 2024 ഒക്ടോബറിൽ ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. മുൻപ് തീർപ്പാക്കിയ വിഷയത്തിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാനാകില്ലെന്നും നിയമപരമായി മറ്റ് മാർഗങ്ങൾ തേടാമെന്നും കോടതി വ്യക്തമാക്കി. അതിന് ശേഷമാണ് ഇപ്പോൾ അതിജീവിത വിഷയത്തിൽ ഹൈക്കോടതിയെ തന്നെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവറാണ് അതിജീവിതക്ക് വേണ്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ സെഷൻസ് കോടതിയിലും വിചാരണ കോടതിയിലുമിരിക്കെ മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ചില കോടതി ജീവനക്കാരും ഉദ്യോഗസ്ഥരും മെമ്മറി കാർഡ് തുറന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പരാമർശമുള്ളത്. എന്നാൽ ഈ പരിശോധനകൾ എന്തിനായിരുന്നു, ദൃശ്യങ്ങൾ പകർത്തപ്പെട്ടോ, പുറത്തേക്ക് ചോർന്നോ എന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് അതിജീവിത ചൂണ്ടിക്കാണിക്കുന്നത്.
നടി ആക്രമണക്കേസിന്റെ വിചാരണക്കിടയിൽ മെമ്മറി കാർഡ് അനധികൃതമായി തുറക്കപ്പെട്ടുവെന്ന കണ്ടെത്തൽ കേസിലെ ഏറ്റവും വിവാദപരമായ സംഭവവികാസങ്ങളിലൊന്നായി മാറിയിരുന്നു. തെളിവുകളുടെ സുരക്ഷയും അതിജീവിതയുടെ സ്വകാര്യതയും സംബന്ധിച്ച ആശങ്കകൾ ഇതോടെ കൂടുതൽ ശക്തമായി ഉയരുകയും ചെയ്‌തു.
പൊതു സമൂഹത്തിൽ നിന്ന് ഇതിനെതിരെ കാര്യമായ വിമർശനം ഉയർന്നിരുന്നു. പ്രത്യേകിച്ച് കേസിലെ വിധി പ്രഖ്യാപനം വന്ന ശേഷവും വിഷയത്തിൽ കാര്യമായ ചർച്ചകൾ നടന്നിരുന്നു. വിധിയിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തെ കുറിച്ച് ഒരിടത്തും കാര്യമായി പരാമർശിക്കുന്നില്ല എന്നതായിരുന്നു പലരും വിമർശിക്കാൻ ഇടയാക്കിയ കാര്യം.












Click it and Unblock the Notifications