ഗുജറാത്ത് പിടിക്കാൻ രാഘവ് ഛദ്ദ; നിർണാക നീക്കവുമായി ആം ആദ്മി.. പഞ്ചാബിൽ പയറ്റിയ തന്ത്രം
ദില്ലി: പാർട്ടിയുടെ യുവ നേതാവും എംപിയുമായ രാഘവ് ചദ്ദയ്ക്ക് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകി എ എ പി. പഞ്ചാബിലെ ആം ആദ്മിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ഛദ്ദ. കെജരിവാളിന്റെ അടുത്ത അനുയായി കൂടിയായ നേതാവിന്റെ നിയമനത്തിലൂടെ ആം ആദ്മി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം കടുപ്പിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് ഇക്കുറി അട്ടിമറി ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ തട്ടകത്തിലെ വിജയം ആണ് ആം ആദ്മിയുടേയും കെജരിവാളിന്റേയും ലക്ഷ്യം. ഇതിനോടകം തന്നെ ശക്തമായ പ്രചരണമാണ് പാർട്ടി സംസ്ഥാനത്ത് നടത്തുന്നത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് ആപ്. ഇതിന് മുന്നോടിയായിട്ടാണ് ഛദ്ദയുടെ നിയമനം. തിരഞ്ഞെടുപ്പ് പ്രചാരണം, മാധ്യമ തന്ത്രങ്ങൾ, ടിക്കറ്റ് വിതരണം എന്നിവയാകും ഛദ്ദയുടെ ചുമതല. പഞ്ചാബിലും ദില്ലി തിരഞ്ഞെടുപ്പിലും ഛദ്ദയ്ക്ക് ലഭിച്ച ഉത്തരവാദിത്തങ്ങൾ ഇതായിരുന്നു.

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലെ പ്രചരണത്തിലുൾപ്പെടെ നിർണായകമായ പങ്ക് വഹിച്ച മറ്റൊരു നേതാവായ സന്ദീപ് പഥകിനെ ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ ചുമതല നേതൃത്വം നൽകിയിട്ടുണ്ട്. താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ, ഗ്രാമ, നഗര മേഖലകളിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള പ്രചരണങ്ങൾ, ജനമനസ് അറിയാനുള്ള സർവ്വേകൾ എന്നിവയുടെ ചുമതലയാണ് സന്ദീപ് പഥകിന് നൽകിയിരിക്കുന്നത്.

അതേസമയം ഛദ്ദയുടെ നിയമനം അപ്രതീക്ഷതമായിരുന്നില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. 'ദില്ലിയിലും പഞ്ചാബിലും ഛദ്ദ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടതാണ്. പഞ്ചാബിൽ 117 സീറ്റിൽ 92 നേടിയാണ് പാർട്ടി വിജയിച്ചത്. ഛദ്ദയെ പോലൊരു യുവ നേതാവിനെ ഗുജറാത്തിൽ നിയോഗിക്കുന്നതോടെ സംസ്ഥാനത്തെ യുവ വോട്ടർമാരെ കൂടി ലക്ഷ്യം വെച്ചാണ്', ആം ആദ്മി നേതാവ് പറഞ്ഞു.

ബി ജെ പി ആം ആദ്മിക്കെതിരെ പ്രചരണം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഛദ്ദയുടെ നിയമനം എന്നത് ശ്രദ്ധേയമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ദില്ലിയിലും പഞ്ചാബിലും ബി ജെ പി പയറ്റുന്ന ഓപ്പറേഷൻ താമരയെ തുറന്ന് കാട്ടി കൊണ്ടാണ് നിലവിൽ ആം ആദ്മി ബി ജെ പിക്കെതിരെ പ്രചരണം കൊഴുപ്പിക്കുന്നത്. എന്നാൽ എന്നാൽ ഇത് അധികകാലം തുടരാനാവില്ല. പുതിയ തന്ത്രങ്ങൾ ആവശ്യമാണ്, അതിനാൽ കൂടിയാണ് ഛദ്ദയുടെ നിയമനം', മുതിർന്ന നേതാവ് പറഞ്ഞു.

27 വർഷമായി ബി ജെ പി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഈ വർഷം അവസാനമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി കമ്മീഷൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി പോര് കടുപ്പിച്ചിരിക്കുകയാണ് പാർട്ടികൾ. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ തട്ടകത്തിൽ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകുകയെന്നതാണ് കോൺഗ്രസിന്റേയും ആം ആദ്മിയുടേയും ലക്ഷ്യം. എന്നാൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ സീറ്റ് ഉയർത്തി ഗുജറാത്തിൽ വൻ വിജയം ബി ജെ പി സ്വപ്നം കാണുന്നുണ്ട്. കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടാനാണ് ബി ജെ പിയുടെ നീക്കം.












Click it and Unblock the Notifications