ചൈന മൂന്നിടത്ത് ഇന്ത്യൻ ഭൂമി കയ്യേറി, പ്രധാനമന്ത്രി രാജ്യത്തോട് സത്യം പറയണം, കടന്നാക്രമിച്ച് രാഹുൽ!
ദില്ലി: ചൈനയുമായുളള അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ പ്രദേശം ചൈന കയ്യേറ്റം ചെയ്തിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശ വാദത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി.
''കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും കൊണ്ടുപോയിട്ടില്ലെന്നും ഇന്ത്യന്‍ അതിര്‍ത്തിക്കുളളിലേക്ക് ഒരാള്‍ പോലും കടന്ന് കയറിയിട്ടില്ല എന്നും. എന്നാല്‍ ആളുകള്‍ അതേക്കുറിച്ച് സംസാരിക്കുന്നത് നമ്മള്‍ കേള്‍ക്കുന്നുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങളും കാണുന്നു. ചൈന നമ്മുടെ പ്രദേശം കയ്യേറിയിട്ടുണ്ട് എന്നാണ് ലഡാക്കിലെ താമസക്കാരായ ആളുകളും മുന്‍ ആര്‍മി ഓഫീസര്‍മാരും അടക്കം പറയുന്നത്. ഒരു സ്ഥലത്ത് മാത്രമല്ല, മൂന്ന് സ്ഥലങ്ങളിലാണ് ചൈനയുടെ കയ്യേറ്റം'' എന്ന് രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശത്തില്‍ ആരോപിച്ചു.

Recommended Video
കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ചൈന കയ്യേറ്റം നടത്തിയിട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. ചൈന കയ്യേറ്റം നടത്തിയിട്ടില്ലെങ്കില്‍ പിന്നെ എവിടെ വെച്ചാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് എന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച് കേന്ദ്രത്തോട് ചോദിച്ച് കൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി സത്യം പറയണമെന്നും സത്യം രാജ്യത്തോട് വെളിപ്പെടുത്തണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ''പരിഭ്രമിക്കേണ്ട ആവശ്യമില്ല. ഇന്ത്യന്‍ പ്രദേശം ചൈന കയ്യേറിയിട്ടില്ല എന്ന് താങ്കള്‍ പറയുകയും സത്യം മറിച്ചാവുകയുമാണെങ്കില്‍ അത് ചൈനയ്ക്ക് സഹായകരമായി വരു''മെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'നമുക്ക് ഒരുമിച്ച് പൊരുതുകയും അവരെ പുറത്തേക്ക് എറിയുകയും വേണം'.
''ചൈന നമ്മുടെ പ്രദേശം കയ്യേറിയിട്ടുണ്ടെന്നും അതിനെതിരെ നമ്മള്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പരിഭ്രമിക്കാതെ പ്രധാനമന്ത്രി രാജ്യത്തോട് പറയാന്‍ തയ്യാറാവണം. രാജ്യം മുഴുവന്‍ താങ്കള്‍ക്കൊപ്പം നില്‍ക്കു''മെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആയുധങ്ങളില്ലാതെ ആരാണ്, എന്തിനാണ് സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചത് എന്നും രാഹുല്‍ ചോദിച്ചു.












Click it and Unblock the Notifications