തരൂരിന് പണി കൊടുത്തത് രാഹുല്‍ ഗാന്ധി?
ദില്ലി: മോദി പ്രശംസയുടെ പേരില്‍ പാര്‍ട്ടി ശശി തരൂരിന് പാര്‍ട്ടി വക്താവ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം രാഹുല്‍ ഗാന്ധിയോ... ചില ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന ഇതാണ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണത്രെ ശശി തരൂരിന് സ്ഥാന ചലനം സംഭവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നത് ശശി തരൂര്‍ പതിവാക്കിയപ്പോഴാണ് കെപിസിസി നേതൃത്വം അതിനെതിരെ രംഗത്ത് വന്നത്. തുടര്‍ന്ന് കെപിസിസി തയ്യാറാക്കിയ റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിക്ക് കൈമാറി. അദ്ദേഹമാണ് ഇത് അച്ചടക്കസമിതിക്ക് കൈമാറിയത്.

എകെ ആന്റണിയും മോത്തിലാല്‍ വോറയും സുശീല്‍കുമാര്‍ ഷിന്‍ഡെയും അടങ്ങുന്ന അച്ചടക്കസമിതി ഈ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കടുത്ത നടപടി വേണമെന്ന് രാഹുല്‍ അച്ചടക്കസമിതിയിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വലിയ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ അച്ചടക്കസമിതി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറുകയായിരുന്നുവത്രെ.
തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന മോദി പ്രശംസ, പാര്‍ട്ടിയുടെ അടിത്തറയെ പോലും ഇളക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുക്തമായ ഭാരതമാണ് തന്റെ ലക്ഷ്യമെന്ന് മോദി പ്രഖ്യാപിച്ചതിന് ശേഷവും ചില കോണ്‍ഗ്രസ് നേതാക്കളുടെ മോദി പ്രണയം രാഹുലിനെ ശരിക്കും ചൊടിപ്പിച്ചിരുന്നു.
തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു തരൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അച്ചടക്കസമിതിയുടെ പൊതുവിലുള്ള രീതിയനുസരിച്ച് പരാതിലഭിച്ചാല്‍ വിശദീകരണം നല്‍കാനുള്ള അവസരം നല്‍കേണ്ടതാണ്. എന്നാല്‍ രാഹുലിന്റെ ഇടപെടലോടെ അത് പോലും വേണ്ടെന്ന് വച്ചുവെന്നാണ് അണിയറക്കഥകള്‍. മോദിപ്രേമികള്‍ക്ക് ശക്തമായ താക്കീത് നല്‍കുക എന്ന ലക്ഷ്യമായിരുന്നു രാഹുലിന്.












Click it and Unblock the Notifications