അവസാന ശ്വാസം വരെ കോണ്‍ഗ്രസിനൊപ്പം, രാഹുലിന്റെ തീരുമാനം അംഗീകരിക്കും, നിലപാടുമായി സിദ്ദു
ദില്ലി: പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. രാഷ്ട്രീയത്തില്‍ ഇറങ്ങിയത് മാറ്റങ്ങള്‍ കൊണ്ടുവരാനാണ്. അല്ലാതെ പദവി മോഹിച്ചല്ല. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ലെങ്കിലും പ്രശ്‌നമില്ല. ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് തന്റെയും തീരുമാനമെന്ന് സിദ്ദു പറഞ്ഞു. തന്റെ അവസാന ശ്വാസം വരെ കോണ്‍ഗ്രസിനൊപ്പമുണ്ടാവും. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമോ ഇല്ലയോ എന്നതൊന്നും വിഷയമല്ലെന്നും സിദ്ദു വ്യക്തമാക്കി. സിദ്ദുവിന്റെ വെടിനിര്‍ത്തല്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് സൂചനയുണ്ട്.

അതേസമയം മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ ബന്ധുവിനെ ഇഡി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്ന് സിദ്ദു തുറന്നടിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് നടന്നത് ദുരൂഹമാണ്. അതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളുണ്ട്. ഇഡി എന്റെ ബന്ധുവിനെയാണ് അറസ്റ്റ് ചെയ്യുന്നതെങ്കില്‍ ഞാന്‍ ഉത്തരവാദിയാകുമോ?ശരിക്കുമൊരു രാഷ്ട്രീയ പകപോക്കലായിട്ടാണ് ഇത് തോന്നുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതെല്ലാം നടക്കുന്നത് എന്തുകൊണ്ട്. നിയമത്തെ അതിന്റെ വഴിക്ക് വിടണം. മറ്റാരെങ്കിലും പിന്നില്‍ നിന്ന് നിയന്ത്രിക്കാന്‍ പാടില്ലെന്നും സിദ്ദു പറഞ്ഞു. ചന്നിയുടെ ബന്ധുവായ ഭൂപീന്ദര്‍ സിംഗ് ഹണിയാണ് നേരത്തെ അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായത്.
അഴിമതിയുടെ ഭാഗമായവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ നമ്മളെ തോല്‍പ്പിക്കും. മാഫിയയുമായി ബന്ധമുള്ളയാള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പാക്കാനാവില്ല. മാഫിയകളുടെ സംരക്ഷകനായ വ്യക്തിക്ക് എങ്ങനെയാണ് അവര്‍ക്കെതിരെ നടപടിയെടുക്കാനാവുക. ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നു. എന്നാല്‍ ആറ് തിരഞ്ഞെടുപ്പുകള്‍ ജയിച്ച എത്ര പേര്‍ മത്സര രംഗത്തുണ്ടെന്നും സിദ്ദു ചോദിച്ചു. ജനങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. സിദ്ദു ഒരു ചെറിയ നേതാവല്ല എന്ന് മാത്രം ഈ അവസരത്തില്‍ പറയുന്നു. എല്ലാവര്‍ക്കും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ലെന്നും സിദ്ദു വ്യക്തമാക്കി.
ക്ലീന്‍ റെക്കോര്‍ഡുള്ള ഒരാളാവണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിക്കുള്ളില്‍ അറുപത് എംഎല്‍എമാരുടെ പിന്തുണയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കുണ്ടാവണം. എങ്കില്‍ മാത്രമേ അത്തരമൊരാളെ ആ സ്ഥാനത്തേക്ക് പ്രഖ്യാപിക്കാന്‍ പാടുള്ളൂ എന്നും സിദ്ദു വ്യക്തമാക്കി. 60 എന്നത് ഭൂരിപക്ഷത്തേക്കാള്‍ മുകളിലുള്ള അംഗസംഖ്യയാണ്. അത്രയും പേര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം. അഴിമതിയെ തടയുന്നവരാകണം നമ്മള്‍ എന്ന് രാഹുലിനോട് പറഞ്ഞിരുന്നു. മദ്യമാഫിയയോ, മണല്‍ മാഫിയയോ അഴിമതിയോ ആയി ബന്ധപ്പെട്ടവര്‍ക്ക് ഒരിക്കലും മാറ്റം കൊണ്ടുവരാനാവില്ലെന്നും സിദ്ദു വ്യക്തമാക്കി. എനിക്കൊരിക്കലും ഭയപ്പെടാനാവില്ല. ഞാന്‍ ആരെയും ഭയപ്പെടുന്നുമില്ലെന്ന് സിദ്ദു വ്യക്തമാക്കി.












Click it and Unblock the Notifications