പ്രധാനസ്ഥാനത്തിരുന്ന് ഇങ്ങനെയൊന്നും പറയരുത്; രാഹുലിനോട് ആര്‍എസ്എസ്
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗത്തിനെതിരെ ആര്‍ എസ് എസ്. ഹിന്ദുത്വത്തെ രാഹുല്‍ ഗാന്ധി അക്രമവുമായി ബന്ധിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ് എന്ന് ആര്‍ എസ് എസ് പറഞ്ഞു. ഹിന്ദുത്വം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് എന്ന് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് സുനില്‍ അംബേക്കര്‍ പറഞ്ഞു.
'ഹിന്ദുത്വത്തെ അക്രമവുമായി ബന്ധിപ്പിക്കുന്ന ആളുകള്‍ പ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സ്വാമി വിവേകാനന്ദന്റെയോ മഹാത്മാ ഗാന്ധിയുടെയോ ഹിന്ദുത്വമാകട്ടെ. എന്ത് തന്നെയായാലും അത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസിന്റെ അഖിലേന്ത്യ പബ്ലിസിറ്റി വിഭാഗത്തിന്റെ തലവനാണ് സുനില്‍ അംബേക്കര്‍.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇന്ത്യ എന്ന ആശയത്തിന് നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ഇന്ത്യ, ഭരണഘടന, ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ചെറുത്തുനിന്ന ആളുകള്‍ എന്നിവക്ക് നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളില്‍ പലരും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു എന്നും ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭയമില്ലായ്മയുടെ അടയാളമായ അഭയമുദ്ര കോണ്‍ഗ്രസിന്റെ പ്രതീകമാണ് എന്നും എന്നാല്‍ സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
എന്നാല്‍ അക്രമത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്നും ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിഹസിച്ചു. എന്നാല്‍ ബിജെപി എന്നാല്‍ ഹിന്ദു സമൂഹം എന്നല്ല അര്‍ത്ഥം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
'നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്നത് മുഴുവന്‍ ഹിന്ദുവിനെ അല്ല, ബിജെപി മുഴുവന്‍ ഹിന്ദുവിനെ ആര്‍എസ്എസ് മുഴുവന്‍ ഹിന്ദുവിനെ അല്ല. പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തില്‍ തന്നെ അഭിവാദ്യം ചെയ്യാന്‍ മന്ത്രിമാര്‍ക്ക് ഭയമാണ്,' രാഹുല്‍ ഗാന്ധി ആരോപിച്ചു. രാപകല്‍ മുഴുവന്‍ അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്ന സംഘപരിവാര്‍ നേതാക്കള്‍ ഹിന്ദുക്കളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ അഗ്‌നിവീര്‍, കര്‍ഷക പ്രതിഷേധം, മണിപ്പൂര്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ രാഹുല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. അഗ്‌നിവീറിന് കീഴിലുള്ള സൈനികരെ ' യൂസ് ആന്റ് ത്രോ ' എന്ന നിലയിലാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഗ്‌നിവീര്‍ സൈന്യത്തില്‍ ചേര്‍ന്ന യുവാവ് വീരമൃത്യ വരിച്ചാല്‍ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും അവരുടെ കുടുംബത്തിന് ലഭിക്കില്ല.
തങ്ങള്‍ അധികാരത്തിലേറിയാല്‍ അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കും എന്നും രാഹുല്‍ പറഞ്ഞു. മണിപ്പൂരില്‍ മോദി ഒരിക്കല്‍ പോലും കലാപത്തിന് ശേഷം സന്ദര്‍ശിച്ചിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പൂര്‍ ഒരു സംസ്ഥാനമല്ല. മണിപ്പൂരില്‍ എത്രയും പെട്ടെന്നുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം. കലാപം ബാധിക്കപ്പെട്ടവര്‍ക്കായി ആശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications