Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെലോട്ടിന്റെ ശത്രു സച്ചിനല്ല; മടങ്ങിവരുന്നു വസുന്ധര; മോദിക്കൊപ്പം വേദിയില്‍, ഭരണം മാറുമോ?

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും, അശോക് ഗെലോട്ടും തമ്മിലുള്ള അങ്കം മുറുകുന്നതിനിടെ വസുന്ധര രാജയുടെ തിരിച്ചുവരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും, അമിത് ഷായ്ക്ക് ഒപ്പവും വേദി പങ്കിട്ട് വസുന്ധര ബിജെപി ക്യാമ്പില്‍ പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിട്ടും ബിജെപിയില്‍ നിന്ന് എടുത്ത് പറയാന്‍ ഒരു നേതാവ് പോലും ഗെലോട്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ വസുന്ധരയുടെ വരവോടെ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി മാറാനാണ് സാധ്യത. പ്രധാന കാരണം അഞ്ച് വര്‍ഷം കൂടുമ്പോള്‍ അധികാരം മാറുന്നതാണ് രാജസ്ഥാനില്‍ സംഭവിക്കാറുള്ളത്. അടുത്തൊന്നും തുടര്‍ച്ചയായ പത്ത് വര്‍ഷം ആരും സംസ്ഥാനം ഭരിച്ചിട്ടില്ല. വസുന്ധര തിരിച്ചുവന്നിട്ടില്ലെങ്കില്‍ അതിനുള്ള സാധ്യതയുണ്ടായിരുന്നു.

VASUNDHARA RAJE AMIT SHAH RAJASTHAN CRISIS

ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമാണ് വസുന്ധര രാജയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കഴിഞ്ഞ വേദിയില്‍ കാണാന്‍ കഴിഞ്ഞത്. അജ്മീറില്‍ നടന്നൊരു പരിപാടിയിലായിരുന്നു ഇരുവരും വേദി പങ്കിട്ടത്. അമിത് ഷായ്ക്കും, മോദിക്കും വസുന്ധരയെ മാറ്റി പുതിയൊരു നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ബിജെപി രാഷ്ട്രീയത്തില്‍ വസുന്ധരയ്ക്കുള്ള സ്വാധീനം കാരണം അത് വിജയിച്ചതേയില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷവും വസുന്ധരയോളം ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ പറ്റുന്ന ഒരു നേതാവിനെയും ബിജെപിക്ക് കണ്ടെത്താന്‍ സാധിച്ചില്ല. വസുന്ധര ഇടഞ്ഞതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒഴിച്ചുള്ള ബാക്കിയൊരു തിരഞ്ഞെടുപ്പും ബിജെപി വിജയിച്ചിട്ടില്ല. വസുന്ധരയെ ഇത്തവണയും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന വാദം ശക്തമാണ്.

ഈ വര്‍ഷം മോദി മൂന്ന് തവണ രാജസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒരിക്കല്‍ പോലും വസുന്ധര ആ പരിപാടികളിലൊന്നിലും പങ്കെടുത്തിരുന്നില്ല. അജ്മീറിലെ പരിപാടിയില്‍ പക്ഷേ മോദി എത്തുന്നതിന് മുമ്പേ വസുന്ധര വേദിയിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സീറ്റിന് തൊട്ടടുത്തായിട്ടായിരുന്നു വസുന്ധര ഇരുന്നത്. ഇതെല്ലാം മനപ്പൂര്‍വമായിരുന്നുവെന്ന് വ്യക്തമാണ്.

സച്ചിന്‍ അഴിമതി കേസുകളില്‍ നടപടിയെടുക്കാനായി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വസുന്ധരയെ ദുര്‍ബലയാക്കാനാണ്. വസുന്ധരയില്ലെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്തുക താരതമ്യേന എളുപ്പമാണ്. ബിജെപിക്കും വസുന്ധരയുടെ കരുത്ത് തള്ളിക്കളയാനാവില്ല. മോദിയെ മുന്‍നിര്‍ത്തി പ്രചാരണം നടത്തിയാലും, വസുന്ധരയല്ലാതെ മറ്റൊരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബിജെപിക്കാവില്ല.

ദുര്‍ബലമായ മുഖ്യമന്ത്രിമാര്‍ ബിജെപിക്ക് പലപ്പോഴും തിരിച്ചടി നല്‍കുന്നതാണ് പല സംസ്ഥാനങ്ങളില്‍ നിന്നായിട്ടുള്ള അനുഭവം. കര്‍ണാടകയില്‍ ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കിയത് സര്‍വകാല തകര്‍ച്ചയിലേക്കാണ് ബിജെപിയെ നയിച്ചത്. യെഡിയൂരപ്പയെ മാറ്റിയതോടെ ലിംഗായത്ത് വോട്ടുകളും കൈവിട്ടു.

ഇങ്ങനെയുള്ളപ്പോള്‍ അതിശക്തയായ വസുന്ധരയെ തഴയുന്നത് ഭാവിയിലും ബിജെപിയെ തകര്‍ച്ചയിലേക്ക് നയിക്കും. എന്നാല്‍ ബിജെപിയിലെ ഒരു വിഭാഗം പക്ഷേ വസുന്ധരയെ എതിര്‍ക്കുന്നുണ്ട്. സിപി ജോഷി, ഗജേന്ദ്ര ഷെഖാവത്ത്, രാജേന്ദ്ര റാത്തോഡ് തുടങ്ങിയവര്‍ ബിജെപിയില്‍ മുഖ്യമന്ത്രിമാരാവാന്‍ ശേഷിയുള്ളവരായി ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം വസുന്ധര 2003ലും 2013ലും വലിയ തിരിച്ചുവരവ് സംസ്ഥാന രാഷ്ട്രീയത്തില്‍ നടത്തിയതാണ്. അതുകൊണ്ട് അവരെ എഴുതി തള്ളാനാവില്ല. അശോക് ഗെലോട്ടാണെങ്കില്‍ കര്‍ണാടക മോഡലില്‍ വലിയ വാഗ്ദാനങ്ങള്‍ രാജസ്ഥാനില്‍ ജനങ്ങള്‍ക്കായി നല്‍കി കഴിഞ്ഞു. നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് ഗെലോട്ടിന്റെ ആദ്യ പ്രഖ്യാപനം. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണിത്.

വസുന്ധരയെ അവഗണിക്കുന്നത് അപകടമാണെന്ന് കേന്ദ്ര നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തവണ അവരെ മുന്നില്‍ നിര്‍ത്തുമോ എന്ന് ഉടനെ അറിയാന്‍ സാധിക്കും. യെഡിയൂരപ്പയുടേത് പോലെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന റോള്‍ മാത്രം നല്‍കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ടാവാന്‍ സാധ്യതയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+