അങ്ങനെ വിട്ടുകൊടുക്കില്ല രാജസ്ഥാന്‍: കോണ്‍ഗ്രസിന് മുന്‍തൂക്കം, എന്താണ് ഈ സർവ്വേയുടെ പ്രത്യേകത
ജയ്പൂർ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ വിവിധ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോള്‍ സർവ്വെ ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഒരു സംസ്ഥാനത്തും ഏതെങ്കിലുമൊരു പാർട്ടിക്ക് വ്യക്തമായ മേല്‍ക്കൈ എല്ലാ സർവ്വേകളും പ്രവചിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. തൂക്ക് സഭയുടെ സാധ്യതകളാണ് മിക്കയിടത്തും സർവ്വേകള്‍ തുറന്നിടുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ ബി ജെ പി അധികാരത്തിലെത്തുമെന്നാണ് ആദ്യഘട്ടത്തില്‍ പുറത്ത് വന്ന ചില സർവ്വേകള്‍ അവകാശപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിനെ പൂർണ്ണമായി എഴുതി തള്ളാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഇരു പാർട്ടികളും ഇഞ്ചോടിച്ച് പോരാട്ടം നടത്തുമ്പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമാണ് സർവ്വെ നല്‍കുന്നത്.

ആകെ 200 സീറ്റുകളുള്ള സംസ്ഥാനത്ത് 199 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു സീറ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. 199 സീറ്റില്‍ 100 സീറ്റുകളാണ് അധികാരം പിടിക്കാന്‍ വേണ്ടത്. ഇതില്‍ 86 മുതല്‍ 100 സീറ്റുകളില്‍ വരെ പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യ പ്രവചനം.
അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് 80 മുതല്‍ 100 വരെ സീറ്റുകളായിരിക്കും ലഭിക്കുക. സ്വതന്ത്രർ ഉള്‍പ്പെടേയുള്ള മറ്റുള്ളവർ 9 മുതല്‍ 18 വരെ സീറ്റുകള്‍ നേടിയേക്കാം. സർവ്വേകളില്‍ ഏറെക്കുറെ കൃത്യത പുലർത്തുന്ന ഏജന്‍സിയാണ് ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യ എന്നതാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നത്. അതോടൊപ്പം തന്നെ സ്വതന്ത്രരില്‍ വലിയൊരു വിഭാഗത്തെ ഒപ്പം നിർത്താനുള്ള കഴിവും ഗെലോട്ടിനുണ്ട്.
അതേസമയം, രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് ടൈം നൗ എക്‌സിറ്റ് പോള്‍ സർവ്വേ പ്രവചിച്ചത്. അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സർവ്വേ പ്രവചിക്കുന്നത്. ആകെയുള്ള 200 സീറ്റില്‍ 65 സീറ്റുകള്‍ മാത്രമായിരിക്കും അശോക് ഗെലോട്ട് നയിക്കുന്ന കോണ്‍ഗ്രസിന് ലഭിക്കുക. അതേസമയം ശക്തമായ തിരിച്ച് വരവ് നടത്തുന്ന ബി ജെ പി സംസ്ഥാനത്ത് അധികാരം പിടിക്കും
200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 107 സീറ്റുകളാണുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ബി എസ് പിയുടെ ആറ് അംഗങ്ങള്‍ പാർട്ടിയില്‍ ചേർന്നതോടെയാണ് കോണ്‍ഗ്രസ് അംഗബലം 107 ലേക്ക് ഉയർന്നത്. ആർ എല്‍ ഡിയുടെ ഒരു അംഗവും 13 സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ഇതോടെ 121 പേരുടെ പിന്തുണയായിരുന്നു അശോക് ഗെലോട്ട് സർക്കാറിനുണ്ടായിരുന്നത്.












Click it and Unblock the Notifications