അയോധ്യയിലെ രാമക്ഷേത്രം; വിഗ്രഹത്തിന് 1.5 ടണ്‍ ഭാരം, 51 ഇഞ്ച് ഉയരം..പ്രത്യേകതകൾ ഇതാ
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് 51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമുള്ള ശ്രീരാമവിഗ്രഹമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ജനുവരി 16 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമെന്നും ജനുവരി 18ന് ശ്രീരാമനെ ശ്രീകോവിലിലെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കുമെന്നും ചമ്പത് റായ് പറഞ്ഞു. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. ശ്രീരാമന്റെ വലിയ വിഗ്രഹം അന്നേ ദിവസമാണ് പ്രതിഷ്ഠിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് ശിൽപികൾ മൂന്ന് വിഗ്രഹങ്ങൾ തയ്യാറാക്കിയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോഴത്തെ വിഗ്രഹം തിരഞ്ഞെടുത്തത്. ശ്രീരാമന്റെ സഹോദരങ്ങളുടേയും സീത, ഹനുമാൻ എന്നിവരുടേയും വിഗ്രഹങ്ങൾ ക്ഷേത്രത്തിന്റെ ഒന്നാം നിലയിൽ സ്ഥാപിക്കും. എല്ലാ വർഷവും ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാം തിഥിയായ രാമനവമിയിൽ സൂര്യപ്രകാശം കൃത്യമായി ശ്രീരാമന്റെ വിഗ്രഹത്തിൽ പതിക്കുന്ന തരത്തിലാണ് പ്രതിഷ്ഠ സ്ഥാനം രൂപകല്പന ചെയ്തിരിക്കുന്നതെന്നും ചമ്പത് റായ് പറഞ്ഞു.

വെള്ളവും പാലും കല്ലിനെ പ്രതികൂലമായി ബാധിക്കില്ല എന്നതാണ് ശ്രീരാമ വിഗ്രഹത്തിന്റെ പ്രത്യേകതകളിൽ ഒന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെങ്കിലും ആ വെള്ളമോ പാലോ കഴിച്ചാലും ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാകില്ല. മഹർഷിമാരായ വാൽമീകി, വസിഷ്ഠ, വിശ്വാമിത്ര, അഗസ്ത്യ, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവരുടെ ക്ഷേത്രങ്ങളും രാമക്ഷേത്ര സമുച്ചയത്തിൽ നിർമിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ജടായു വിഗ്രഹവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യയെന്നും എഞ്ചിനീയർമാരുടെ അഭിപ്രായത്തിൽ കഴിഞ്ഞ 300 വർഷത്തിനിടെ ഉത്തരേന്ത്യയിൽ ഇത്തരമൊരു ക്ഷേത്രം നിർമ്മിച്ചിട്ടില്ലെന്നും ചമ്പത് റായ് പറഞ്ഞു. 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന് മൂന്ന് നിലകളാണ് ഉള്ളത്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്.
അതേസമയം രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍നിന്ന് കാശിയിലേക്ക്'രാംജ്യോതി' കൊണ്ടുവരുന്നത് രണ്ടു മുസ്ലീം സ്ത്രീകള്‍ ആയിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാരണാസിയില്‍ നിന്നുള്ള നസ്നീന്‍ അന്‍സാരിയും നജ്മ പര്‍വിനുമാണ് ദീപം അയോധ്യയിലേക്ക് കൊണ്ടുവരുന്നത്. ശ്രീരാമന്‍ എല്ലാവരുടെയും പൂര്‍വ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
ജനുവരി 22 ഉച്ചയ്ക്ക് 12.20നാണ് പ്രാണ്‍ പ്രതിഷ്ഠാച്ചടങ്ങ്. ക്ഷേത്ര ഉദ്ഘാടനത്തിന് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 7000 അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.












Click it and Unblock the Notifications