ജഡ്ജിമാര്‍ക്ക് പിന്നാലെ ആര്‍ബിഐയിലും ശമ്പളം കുത്തനെ കൂട്ടി; ഗവര്‍ണര്‍ക്ക് രണ്ടര ലക്ഷം
90000 രൂപയായിരുന്നു ഗവര്‍ണര്‍മാരുടെ ഇതുവരെയുള്ള അടിസ്ഥാന ശമ്പളം. ഇതാണ് രണ്ടര ലക്ഷമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെത് 80000 ത്തില്‍ നിന്നാണ് രണ്ടേകാല്‍ ലക്ഷമാക്കിയത്.
ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെയും ശമ്പളം കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. ഗവര്‍ണറുടെ അടിസ്ഥാന ശമ്പളം ഇനി രണ്ടര ലക്ഷമാവും. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെത് രണ്ടേകാല്‍ ലക്ഷവും.

2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. 90000 രൂപയായിരുന്നു ഗവര്‍ണര്‍മാരുടെ ഇതുവരെയുള്ള അടിസ്ഥാന ശമ്പളം. ഇതാണ് രണ്ടര ലക്ഷമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെത് 80000 ത്തില്‍ നിന്നാണ് രണ്ടേകാല്‍ ലക്ഷമാക്കിയത്.
2016 സപ്തംബറിലാണ് ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായത്. നവംബറില്‍ എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ അദ്ദേഹം വാങ്ങിയ ശമ്പളം 209500 രൂപയായിരുന്നു. ആര്‍ബിഐ വെബ്‌സൈറ്റിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അംഗീകരിച്ചിരുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം കൂട്ടിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുക.
2.8 ലക്ഷം രൂപയാണ് ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ലഭിക്കുക. ഇതുവരെ ലഭിച്ചിരുന്നത് ഒരു ലക്ഷം രൂപയായിരുന്നു. ഔദ്യോഗിക വസതി, കാര്‍, സ്റ്റാഫ്, മറ്റു അലവന്‍സുകള്‍ എന്നിവയ്ക്ക് പുറമെയാണ് 2.8 ലക്ഷം രൂപ.
പുതിയ ശമ്പള വ്യവസ്ഥ പ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 2.5 ലക്ഷം രൂപയാണ് ലഭിക്കുക. ഇതിന് പുറമെ അലവന്‍സുകളും ലഭിക്കും. കാബിനറ്റ് സെക്രട്ടറിക്ക് സമാനമായ ശമ്പളമാണ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക്.












Click it and Unblock the Notifications