വിജയ് രാഷ്ട്രീയ പ്രവേശനത്തിനെന്ന് റിപ്പോർട്ട്: ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയാക്കും? പ്രതികരണം
ചെന്നൈ: പ്രമുഖ സിനിമാ താരങ്ങൾ രാഷ്ട്രീയ പ്രവേശം നടത്തുന്നത് തമിഴ്നാട്ടിൽ ട്രെൻഡായിക്കഴിഞ്ഞിട്ടുണ്ട്. കോളിവുഡ് താരങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. തലപതി വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിജയിയുടെ ഫാൻ ക്ലബ്ബായ വിജയ് മക്കൾ ഇയ്യം രാഷ്ട്രീയ പാർട്ടിയായി മാറുന്നുവെന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.
അമേരിക്കയിൽ കലാപം; പോർട്ട്ലാൻഡിൽ ചുറ്റികകളും തോക്കും വെടിമരുന്നും, ന്യൂയോർക്കിൽ 50 അറസ്റ്റ്

രജിസ്റ്റർ ചെയ്തോ?
രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനായി വിജയ് മക്കൾ ഇയ്യം ആൾ ഇന്ത്യ തലപതി വിജയ് മക്കൾ ഇയ്യം എന്ന പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പത്മനാഭനെ പാർട്ടി നേതാവും അച്ഛൻ എസ് എ ചന്ദ്രശേഖരനെ ജനറൽ സെക്രട്ടറിയും അമ്മ ശോഭയെ ട്രഷറും ആക്കുമെന്നാണ് അപേക്ഷയിൽ പരാമർശിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ വിജയ് ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും ചന്ദ്രശേഖറാണ്.

ഫാൻസ് അസോസിയേഷൻ പാർട്ടിയോ?
നടൻ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന അഭ്യൂഹങ്ങൾക്ക് ബലം നൽകി അടുത്തിടെ പിതാവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. ജനങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുമെന്നുമാണ് അന്ന് ചന്ദ്രശേഖർ വ്യക്തമാക്കിയത്. മാധ്യങ്ങളിൽ വിജയിയും ചന്ദ്രശേഖറും ബിജെപിയിലേക്ക് എന്ന തരത്തിലുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതെല്ലാം തള്ളിക്കൊണ്ട് പിതാവ് രംഗത്തെത്തുന്നത്.

സമയം ഇതല്ലെന്ന്
വിജയ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ പ്രതികരണവുമായി നടന്റെ പിആർഒ റിയാസ് ഖാൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ ശരിയല്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ബോക്സ് ഓഫീസിൽ വിജയിയുടെ ചിത്രങ്ങൾ തകർത്തോടിക്കൊണ്ടിരിക്കുകയാണ്. നടന് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ശരിയായ സമയം ഇതല്ല. വിജയിയെ നായകനാക്കിയ മാസ്റ്റേഴ്സ് റിലീംസിംഗിന് ഒരുങ്ങി നിൽക്കുകയാണ്. വിജയ് രാഷ്ട്രീയ പ്രവേശം നടത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

രാഷ്ട്രീയം വ്യക്തം
അടുത്ത കാലത്ത് വിജയിയുടേതായി പുറത്തിറങ്ങിയ മെർസൽ, സർക്കാർ എന്നീ സിനിമകളിൽ രാഷ്ട്രീയം സംബന്ധിച്ച കൃത്യമായ സൂചനകളാണ് മുന്നോട്ടുവെക്കുന്നത്. മെർസലിനെതിരെ വിവാദവുമായി ബിജെപി രംഗത്തെത്തിയപ്പോൾ സർക്കാരിനെതിരെ അണ്ണാ ഡിഎംകെയും രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെ വെടിവെയ്പിൽ കൊല്ലപ്പെട്ടതോടെ പ്രതിഷേധക്കാർക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച വിജയ് വെടിവെയ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നു.

രാഷ്ട്രീയത്തിലേക്കോ?
വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചനകൾ ആദ്യം നൽകിയതും വിജയിയുടെ പിതാവ് ചന്ദ്രശേഖരൻ തന്നെയായിരുന്നു. ഏറ്റവും പുതിയ ചിത്രം മാസ്റ്ററിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ഐടി വകുപ്പ് വിജയിയുടെ വീട്ടിലെത്തുകയും റെയ്ഡ് നടത്തുകയും നടനെ ചോദ്യം ചെയ്യുകയും ചെയ്തത് ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു. എന്നാൽ ഇത് രാഷ്ട്രീയപരമായ വിരോധം തീർക്കലിന്റെ ഭാഗമാണെന്നായിരുന്നു ആരാധരിൽ നിന്നുള്ള പ്രതികരണം.

വാർത്ത തള്ളി
ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാൻ വിജയ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അപേക്ഷ നൽകിയെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരിച്ച് വിജയ്. പിതാവ് ആരംഭിച്ച പാർട്ടിയും താനുമായി ബന്ധമില്ലെന്നാണ് വിജയിയുടെ പ്രഖ്യാപനം. തന്റെ ആരാധകർ രാഷ്ട്രീയ പാർട്ടിയിൽ ചേരരുതെന്നും നടൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നും വിജയ് ഇതിനോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.