ആര്‍ജെഡി മൂന്നാം മുന്നണിയിലേക്ക്, മമതയ്ക്കും കെസിആറിനുമൊപ്പം, കോണ്‍ഗ്രസിനൊപ്പം സഖ്യമില്ല
പട്‌ന: ആര്‍ജെഡി ഇത്രയും കാലം സ്വീകരിച്ച സമീപനം മാറ്റുന്നു. കോണ്‍ഗ്രസിനെ വീണ്ടും അവഗണിച്ചിരിക്കുകയാണ് ആര്‍ജെഡി. മൂന്നാം മുന്നണിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ലാലു പ്രസാദ് യാദവ്. തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ അതിനുള്ള ഒരുക്കങ്ങളും നടക്കുകയാണ്. കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും പാര്‍ട്ടി ഉപേക്ഷിച്ച അവസ്ഥയിലാണ്. എംഎല്‍സി കൗണ്‍സിലിലേക്ക് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 24 സീറ്റിലാണ് മത്സരം. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍ജെഡി. ബീഹാറില്‍ കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയിലേക്കാണ് ഇതോടെ പോകുന്നത്. ആര്‍ജെഡി സഖ്യമില്ലാതെ കോണ്‍ഗ്രസിന് ബീഹാറില്‍ പിടിച്ച് നില്‍ക്കുക അസാധ്യമാണ്.

ആര്‍ജെഡി രണ്ട് സീറ്റിലേക്ക് കൂടി കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. 21 പേരുടെ പട്ടിക ഒരാഴ്ച്ച മുമ്പേ പാര്‍ട്ടി പുറത്തിറക്കിയിരുന്നു. ഏറ്റവും അമ്പരപ്പിച്ചത് ഇടതുപാര്‍ട്ടികള്‍ക്കായി ഒരു സീറ്റ് ആര്‍ജെഡി വിട്ടുകൊടുത്തതാണ്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് ഡസന്‍ സീറ്റുകള്‍ അടുത്ത് തന്നെ ഒഴിവ് വരും. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിനെ പിന്തുണച്ചിരുന്നു. അതും കാലിത്തീറ്റ കേസില്‍ ലാലുവിനെ വീണ്ടും ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു പ്രിയങ്ക ഇതിനെ പിന്തുണച്ചത്. ബിജെപിയുടെ പകപോക്കലാണ് ഇതെന്നും പ്രിയങ്ക പറഞ്ഞിരുന്നു. തേജസ്വി ഇതിന് നന്ദിയും അറിയിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള ദൃഢമായ സംഭാഷണം കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലുള്ള സഖ്യം വീണ്ടും വരാന്‍ കാരണമാകുമെന്നായിരുന്നു വിലയിരുത്തല്‍. കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണയ്ക്കുമെന്ന് തേജസ്വി പറയുകയും ചെയ്തു. എന്നാല്‍ ബീഹാറില്‍ കോണ്‍ഗ്രസിന് യാതൊരു സ്വാധീനവും ഇല്ലെന്ന വിലയിരുത്തലിലാണ് ആര്‍ജെഡി. പ്രധാനമായും കോണ്‍ഗ്രസിനെ കൂടെ കൂട്ടുന്നത് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതായിരുന്നു ആര്‍ജെഡിക്ക് വലിയ തിരിച്ചടിയാവാന്‍ കാരണം. എന്നാല്‍ സംസ്ഥാനത്ത് ആര്‍ജെഡിയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണ് കോണ്‍ഗ്രസ്. രണ്ട് ദശാബ്ദമായി ഈ സഖ്യം തുടരുന്നുണ്ട്.
സോണിയാ ഗാന്ധി നേരത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വലിയ വെല്ലുവിളി നേരിട്ടപ്പോള്‍ ആര്‍ജെഡിയായിരുന്നു പിന്തുണച്ചത്. ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും നേരത്തെ മികച്ച പ്രകടനം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും ദുര്‍ബലമായത്. 70 സീറ്റില്‍ മത്സരിച്ചപ്പോള്‍ ജയിക്കാനായത് വെറും 19 സീറ്റിലായിരുന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ ഗൗരവത്തിലെടുത്തില്ലെന്നായിരുന്നു ആരോപണം. സ്റ്റാര്‍ ക്യാമ്പയിനറായിട്ടും ബീഹാറിലേക്ക് പ്രിയങ്ക ഗാന്ധി തിരിഞ്ഞ് നോക്കിയില്ലെന്നായിരുന്നു ആര്‍ജെഡിയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ റാലികള്‍ പോലും കുറഞ്ഞുവെന്നും, മോദി അതിനേക്കാള്‍ എത്രയോ മുകളിലായിരുന്നു റാലികള്‍ നടത്തിയതെന്നും ആര്‍ജെഡി കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications