സച്ചിന്‍ പൈലറ്റ് കട്ടായം പറഞ്ഞു; ബിജെപിയില്‍ ചേരും, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി, രാജസ്ഥാന്‍ ഭരണം...
ദില്ലി: രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിക്കുമെന്ന് സൂചന. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നിരവധി എംഎല്‍എമാര്‍ക്കൊപ്പം ദില്ലിയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നു. ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റി. സച്ചിന്‍ പൈലറ്റ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹം പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാനാണ് സാധ്യത എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഗെഹ്ലോട്ടുമായുള്ള തര്‍ക്കമാണ് അട്ടിമറി സാഹചര്യമൊരുക്കിയത്. 25 എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റിനൊപ്പമുണ്ടെന്നാണ് വിവരം. അതേസമയം, ഗെഹ്ലോട്ട് ഇന്ന് രാത്രി എംഎല്‍എമാരുടെ യോഗം വിളിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

വിവാദത്തിന്റെ തുടക്കം
രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നല്‍കി. തുടര്‍ന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം വിളിപ്പിച്ചവരില്‍ സച്ചിന്‍ പൈലറ്റുമുണ്ടായിരുന്നു.

ഗെഹ്ലോട്ടിന്റെ കളി...
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ സംഘം വിളിപ്പിച്ചതില്‍ സച്ചിന്‍ പൈലറ്റ് അസംതൃപ്തനാണ് എന്നാണ് അദ്ദേഹത്തിന്റെ അനുയായികകള്‍ പറയുന്നത്. ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന അശോക് ഗെഹ്ലോട്ടാണ് ഇതിന് പിന്നിലെന്ന് സച്ചിന്‍ പൈലറ്റ് കരുതുന്നു. ഇന്ന് രാവിലെ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരും ദില്ലിയിലെത്തി.

ഒട്ടേറെ എംഎല്‍എമാര്‍ റിസോര്‍ട്ടില്‍
16 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും സച്ചിന്‍ പൈലറ്റിനൊപ്പമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 25 എംഎല്‍എമാരുടെ പിന്തുണ പൈലറ്റിനുണ്ട് എന്നും പറഞ്ഞുകേള്‍ക്കുന്നു. പിന്തുണയ്ക്കുന്ന എംഎല്‍എമാരെ സച്ചിന്‍ പൈലറ്റ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള റിസോര്‍ട്ടിലേക്ക് മാറ്റി.

സിന്ധ്യയുടെ വഴി പൈലറ്റും?
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട വേളയില്‍ തന്നെ സച്ചിന്‍ പൈലറ്റും മാറി ചിന്തിച്ചിരുന്നുവത്രെ. എന്നാല്‍ മറ്റു ചില കാരണങ്ങളാല്‍ കടുത്ത തീരുമാനം എടുത്തില്ല. പുതിയ പശ്ചാത്തലത്തില്‍ അദ്ദേഹം വീണ്ടും വിമത നീക്കം ശക്തമാക്കിയിരിക്കുകയാണ്.

ബിജെപി നേതാക്കളുമായി ചര്‍ച്ച
പൈലറ്റ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുവെന്നാണ് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ന് ഉച്ചവരെ ബിജെപി പറഞ്ഞത്, അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇടപെടില്ലെന്നും പൈലറ്റുമായി ചര്‍ച്ച നടത്തുന്നില്ലെന്നുമാണ്.

സങ്കീര്‍ണമെന്ന് കപില്‍ സിബല്‍
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കാണാനാണ് ദില്ലിയിലെത്തിയത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. എന്നാല്‍ രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

പൈലറ്റ് മുഖ്യമന്ത്രിയാകുമോ
സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി പദവി ബിജെപി വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ബിജെപി നിഷേധിച്ചു. പക്ഷേ, മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ദര രാജെ സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം.

വസുന്ദരയും പൈലറ്റും ഒന്നിക്കുമെന്ന്...
വസുന്ദര രാജെയുമായി ചേര്‍ന്ന് സച്ചിന്‍ പൈലറ്റ് പുതിയ സര്‍ക്കാരുണ്ടാക്കുമെന്നാണ് മറ്റൊരു വിവരം. വസുന്ദരക്കൊപ്പം ബിജെപിയുടെ 45 എംഎല്‍എമാരുണ്ട്. സച്ചിന്‍ പൈലറ്റിന് 25 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് സിന്ധ്യയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് ആലോചന.

ഹൈക്കമാന്റിന് അതൃപ്തി
സച്ചിന്‍ പൈലറ്റിനെ ചോദ്യം ചെയ്യാനുള്ള അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ നീക്കത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് അതൃപ്തിയുണ്ട്. ഉപമുഖ്യമന്ത്രിയെ പോലീസ് ചോദ്യം ചെയ്യുന്നത് ഭിന്നതയുടെ തെളിവായി കണക്കാക്കുന്നു. രാജസ്ഥാനില്‍ മധ്യപ്രദേശ് ആവര്‍ത്തിക്കില്ലെന്നും പൈലറ്റ് ബിജെപിയില്‍ ചേരില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു.

ആദ്യമായിട്ടാണ് ഇങ്ങനെ
രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ് സച്ചിന്‍ പൈലറ്റ്. കൂടാതെ ഉപമുഖ്യമന്ത്രിയും. ഇങ്ങനെ ഒരു വ്യക്തിയെ പോലീസ് ചോദ്യം ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് സച്ചിന്‍ പൈലറ്റിന്റെ അനുയായികള്‍ പറയുന്നു. ഹൈക്കമാന്റ് നേരത്തെ വിഷയത്തില്‍ ഇടപെടാത്തതില്‍ ഇവര്‍ക്ക് അതൃപ്തിയുണ്ട്.

ഗെഹ്ലോട്ടിന്റെ പ്രതികരണം
അന്വേഷണ സംഘത്തിന്റെ നോട്ടീസ് എനിക്കും ചീഫ് വിപ്പിനും ലഭിച്ചിട്ടുണ്ടെന്ന് അശോക് ഗെഹ്ലോട്ട് പറയുന്നു. അന്വേഷണവുമായി സഹരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. ആരും നിയമത്തിന് അതീതരല്ലെന്ന് വ്യക്തമാക്കിയ ഗെഹ്ലോട്ട് ഇന്ന് രാത്രി കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

അംഗബലം ഇങ്ങനെ
രാജിസ്ഥാനില്‍ 200 അംഗ നിയമസഭയാണ്. 107 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. കൂടാതെ 12 സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. ആര്‍എല്‍ഡി, സിപിഎം, ബിടിപി എന്നിവരും അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നവര്‍ പിന്‍മാറിയാല്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ വീഴും.












Click it and Unblock the Notifications